Breaking NewsLead NewsNEWSWorld

അമേരിക്ക- നൈജീരിയ സംയുക്ത ഓപ്പറേഷനിലൂടെ ഐഎസിന്റെ ലോകത്തിലെ രണ്ടാമത്തെ ഭീകരനെതന്നെ ഇല്ലാതാക്കി…ഭീകരൻ അബു ബിലാൽ അൽ മിനൂക്കി കൊല്ലപ്പെട്ടു- ട്രംപ്

വാഷിങ്ടൻ: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച രാത്രി ഒരു നിർണായക സൈനിക ഓപ്പറേഷൻ വിജയകരമായി പൂർത്തിയായതായി ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കയും നൈജീരിയയും ചേർന്നുള്ള സേനകൾ ചേർന്ന് നടത്തിയ വളരെ സങ്കീർണ്ണമായ ദൗത്യത്തിൽ ഐഎസ് സംഘടനയുടെ രണ്ടാമത്തെ നേതാവായ അബു-ബിലാൽ അൽ-മിനൂക്കിയെ വധിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി

“എന്റെ നിർദ്ദേശപ്രകാരം, ധീരമായ അമേരിക്കൻ സേനയും നൈജീരിയൻ സൈന്യവും കൃത്യമായ ആസൂത്രണത്തോടുകൂടിയ ഒരു ദൗത്യത്തിലൂടെ ഐഎസിന്റെ ലോകത്തിലെ രണ്ടാമത്തെ ഭീകരനെതന്നെ ഇല്ലാതാക്കി,” എന്നാണ് ട്രംപ് കുറിച്ചത്. ആഫ്രിക്കയിൽ ഒളിച്ചിരിക്കാമെന്ന് കരുതിയിരുന്ന ഇയാളെക്കുറിച്ച് അമേരിക്കയ്ക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ഇനി ഇയാൾക്ക് ആഫ്രിക്കയിലോ, അമേരിക്കയ്‌ക്കെതിരെയോ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയില്ല, ഇനി ആഫ്രിക്കയെ ഭീകരവൽക്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഓപ്പറേഷനിൽ സഹകരിച്ച നൈജീരിയൻ സർക്കാരിനും ട്രംപ് നന്ദി അറിയിച്ചു. മൂന്ന് ദിവസത്തെ ബീജിംഗ് സന്ദർശനത്തിന് ശേഷം വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. നൈജീരിയ വർഷങ്ങളായി ഭീകരസംഘടനകളുടെ ആക്രമണങ്ങൾ നേരിടുന്ന രാജ്യമാണ്. പ്രത്യേകിച്ച് ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമാഫ്രിക്ക പ്രവിശ്യ പോലുള്ള സംഘടനകൾ ഇവിടെ സജീവമാണ്.

അതേസമയം കഴിഞ്ഞ വർഷം നവംബറിൽ, ക്രിസ്ത്യാനികളെതിരായ ആക്രമണങ്ങൾ തടയാൻ നൈജീരിയ കൂടുതൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം അമേരിക്കൻ സഹായം നിർത്തുമെന്നും ആവശ്യമെങ്കിൽ സൈനിക ഇടപെടൽ നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ക്രിസ്തുമസ് ദിനത്തിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി ഐഎസിസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഫെബ്രുവരിയിൽ, നൈജീരിയ സർക്കാർ അമേരിക്കൻ സാങ്കേതിക -പരിശീലന സംഘത്തെ രാജ്യത്തേക്ക് ക്ഷണിച്ചതായി അറിയിച്ചിരുന്നു. ഇവർ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ലെങ്കിലും സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനായാണ് വിന്യസിച്ചതെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 200 അമേരിക്കൻ സൈനികർ ഇതിനായി നിയോഗിക്കപ്പെട്ടതായും വിവരം ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പെന്റ​ഗണും യുഎസ് ആഫ്രിക്കാ കമാൻഡും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: