ന്യൂഡല്‍ഹി: ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്ന യു.പി. സ്വദേശിനിയുടെ അവകാശവാദം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിനിയായ ജ്യോതി മിശ്രയുടെ ഐ.എഫ്.എസ്. നാടകമാണ് ഒടുവില്‍ പൊളിഞ്ഞത്. ജ്യോതി മിശ്ര എന്ന പേരിലുള്ള ഉദ്യോഗസ്ഥ എംബസിയില്‍ ജോലിചെയ്യുന്നില്ലെന്ന് മാഡ്രിഡിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചതോടെയാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് തെളിയുകയായിരുന്നു. ഇതിനുപിന്നാലെ താന്‍ യു.പി.എസ്.സി. പരീക്ഷ പാസായിട്ടില്ലെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജ്യോതി മിശ്രയും മാധ്യമങ്ങളോടു പ്രതികരിച്ചു.
പുനെയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിവാദങ്ങള്‍ക്കിടെയാണ് യു.പി. സ്വദേശിനിയായ ജ്യോതി മിശ്രയ്ക്കെതിരേയും ആരോപണങ്ങളുയര്‍ന്നത്. ബ്രാഹ്‌മണ സമുദായംഗമായ ജ്യോതി, എസ്.സി. ക്വാട്ടയിലാണ് സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടംനേടിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആരോപണം. ഇത് വൈറലായതോടെ ജ്യോതി മിശ്ര തന്നെ വിശദീകരണവുമായി രംഗത്തെത്തി. തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും താന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ”സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടികയിലുള്ളത് എസ്.സി. വിഭാഗത്തില്‍പ്പെട്ട ജ്യോതി എന്നയാളുടെ പേരാണ്, ഹരിയാണ സ്വദേശിയായ ഇവര്‍ക്ക് ഐ.എ.എസ്. ആണ് കിട്ടിയത്. എന്നാല്‍, താന്‍ ഐ.എ.എസ്. അല്ല. ഐ.എഫ്.എസിലാണ് തനിക്ക് സെലക്ഷന്‍ ലഭിച്ചത്. അത് മറ്റൊരു പട്ടികയാണ്” എന്നായിരുന്നു ജ്യോതി മിശ്രയുടെ വിശദീകരണം.
ഇതേകാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവരെ ബന്ധപ്പെട്ടപ്പോഴും സമാനരീതിയിലുള്ള വിശദീകരണമാണ് ജ്യോതി നല്‍കിയത്. ജ്യോതിയോട് വിശദീകരണം തേടാനായി പിതാവും യു.പി. പോലീസിലെ സബ് ഇന്‍സ്പെക്ടറുമായ സുരേഷ് നാരായണ്‍ മിശ്രയെയാണ് ‘ടൈംസ് ഓഫ് ഇന്ത്യ’ ആദ്യം ബന്ധപ്പെട്ടത്. മകള്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്നും സ്പെയിനിലെ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയില്‍ ജോലിചെയ്യുകയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
ജോലിസമയം കഴിഞ്ഞാല്‍ മകളെ ബന്ധപ്പെടാമെന്നും ഇദ്ദേഹം ആത്മവിശ്വാസത്തോടെ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ വാട്സാപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ തന്റെ മുന്‍വാദങ്ങള്‍ ജ്യോതി മിശ്ര ആവര്‍ത്തിച്ചു. വിശ്വാസ്യതയ്ക്കായി ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്, ഐ.എഫ്.എസ്. സെലക്ഷനും മാഡ്രിഡിലെ പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് യു.പി.എസ്.സി.യില്‍നിന്ന് ലഭിച്ച കത്ത്, മസൂറിയിലെ അഡ്മിനിസ്ട്രേഷന്‍ അക്കാദമിയിലെ ഐ.ഡി. കാര്‍ഡ് എന്നിവയുടെ ചിത്രങ്ങളും അയച്ചുനല്‍കി. തുടര്‍ന്ന് ഇതേവിവരങ്ങള്‍ സ്ഥിരീകരിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ മാഡ്രിഡിലെ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് യുവതിയുടെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞത്.
ജ്യോതി മിശ്ര എന്ന പേരില്‍ ആരും മാഡ്രിഡിലെ എംബസിയില്‍ ജോലിചെയ്യുന്നില്ലെന്നായിരുന്നു എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറിയായ അമാന്‍ ചന്ദ്രന്റെ സ്ഥിരീകരണം. പിന്നാലെ ജ്യോതി മിശ്രയെ ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടതോടെ ഇവര്‍ തെറ്റ് ഏറ്റുപറയുകയായിരുന്നു.