KeralaNEWS

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണലോക്കറ്റ് വ്യാജമെന്ന പരാതി; സത്യാവസ്ഥ തെളിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണലോക്കറ്റ് വ്യാജമെന്ന പരാതി തെറ്റെന്ന് തെളിഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുശ്ശേരി കരുവാന്‍തൊടി പുത്തന്‍വീട്ടില്‍ മോഹന്‍ദാസാണ് ദേവസ്വം ചെയര്‍മാന് പരാതി നല്‍കിയത്. ഇയാളെ ഇന്നലെ ദേവസ്വം ഭരണ സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തി.

ദേവസ്വം അപ്രൈസര്‍ കെ. ഗോപാലകൃഷ്ണന്‍ ലോക്കറ്റ് പരിശോധിച്ച് സ്വര്‍ണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പരാതിക്കാരന്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. പിന്നീട് കിഴക്കേ നടയിലെ ജ്വലറിയില്‍ പരിശോധിച്ച് സ്വര്‍ണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.

Signature-ad

കുന്നംകുളത്തെ സ്ഥാപനത്തിലെ പരിശോധനയിലും സ്ഥിരീകരിച്ചതോടെ സ്വര്‍ണമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി.

പിന്നീട് ദേവസ്വം ഓഫീസിലെത്തിയ മോഹന്‍ദാസ്, സ്വര്‍ണമാണെന്ന് ഇനിയും വിശ്വാസമായിട്ടില്ലെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോക്കറ്റ് പണയം വയ്ക്കാന്‍ പാലക്കാട്ട് ജില്ലയിലെ മൂന്നിടങ്ങളില്‍ പോയെങ്കിലും സ്വര്‍ണമല്ലെന്ന് കണ്ടെത്തിയത്രേ. ഇയാള്‍ പോയ ശേഷം ലോക്കറ്റ് മാറ്റുമോയെന്ന ആശങ്കയില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ അറിയിച്ചു. ഗുരുവായൂര്‍ എ.സി.പി ടി.എസ്. സിനോജ്, എസ്.ഐമാരായ പി. രാജു, പി. കൃഷ്ണകുമാര്‍ എന്നിവര്‍ എത്തിയതോടെ തനിക്ക് തെറ്റ് പറ്റിയെന്നും ലോക്കറ്റ് സ്വര്‍ണമാണെന്ന് ഉറപ്പായെന്നും നിലപാട് മാറ്റി. ദേവസ്വത്തിനും ഭക്തര്‍ക്കുമുണ്ടായ വിഷമത്തില്‍ മാപ്പ് പറയുകയും ചെയ്തു.

മേയ് 13 നാണ് രണ്ടു ഗ്രാം തൂക്കമുള്ള സ്വര്‍ണലോക്കറ്റ് 14,200 രൂപയ്ക്ക് മോഹന്‍ദാസ് വാങ്ങിയത്. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന അഡ്മിനിസ്ട്രേറ്ററുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മോഹന്‍ദാസിനെയും ലോക്കറ്റും കസ്റ്റഡിയിലെടുത്തു. ഇയാളുടെ നീക്കത്തിന് പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: