വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ ആക്രമണം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി.
ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ആക്രമണത്തില്‍ വലിയ ആശങ്കയുണ്ടെന്നും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. ട്രംപ് വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസിക്കുന്നുവെന്നും വെടിവയ്പില്‍ മരിച്ചവരുടെ കുടുംബത്തിന്റെയും പരുക്കേറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.