റായ്പുര്‍: സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരം നടത്തിയ തട്ടിപ്പില്‍ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയും പുണെയില്‍ ഐ.ടി. എന്‍ജിനീയറുമായ നിതിന്‍ ജെയിനാണ് പരിചയക്കാരനായ മിമിക്രി താരത്തിന്റെ തട്ടിപ്പില്‍ പണം നഷ്ടമായത്. സംഭവത്തില്‍ പ്രതിയായ രോഹിത് ജെയിനെ ബിലാസ്പുര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മധ്യപ്രദേശ് സ്വദേശിയാണ്.
‘ഏക്ത ജെയിന്‍’ എന്ന പേരില്‍ നിതിനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചാണ് മിമിക്രി താരം കൂടിയായ രോഹിത് പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പുണെയില്‍വെച്ചാണ് പരാതിക്കാരനായ നിതിനും പ്രതി രോഹിതും പരിചയപ്പെടുന്നത്. സംഭാഷണത്തിനിടെ താന്‍ വിവാഹം ആലോചിക്കുന്നതായി നിതിന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ രോഹിത് ഏതാനും പെണ്‍കുട്ടികളുടെ ചിത്രം കാണിച്ചുനല്‍കി. ഇവരെല്ലാം വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളാണെന്ന് പറഞ്ഞാണ് അപരിചിതരായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ചുനല്‍കിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ നിതിന്‍ ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ‘ഏക്ത ജെയിന്‍’ എന്നാണ് പെണ്‍കുട്ടിയുടെ പേരെന്നും വിവാഹക്കാര്യവുമായി മുന്നോട്ടുപോകാമെന്നും രോഹിത് വിശ്വസിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍നിന്ന് രോഹിത് തന്നെ ‘ഏക്ത’യാണെന്ന് പരിചയപ്പെടുത്തി പരാതിക്കാരനെ വിളിച്ചു. മിമിക്രി താരമായ പ്രതി യാതൊരു സംശയത്തിനും ഇടനല്‍കാതെയാണ് സ്ത്രീശബ്ദത്തില്‍ സംസാരിച്ചത്. ഫോണിലൂടെ ഇരുവരും നിരന്തരം ബന്ധപ്പെട്ടതോടെ നിതിന് ‘ഏക്ത’യോട് വലിയ അടുപ്പംതോന്നി.
നിതിന്‍ കെണിയില്‍വീണെന്ന് മനസിലായ ഘട്ടത്തിലാണ് രോഹിത് പണം ചോദിച്ചുതുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഏക്തയുടെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് ഇയാള്‍ 30 ലക്ഷം വാങ്ങി. ഇത് കിട്ടിയതോടെ വീണ്ടും പ്രതി തട്ടിപ്പ് തുടര്‍ന്നു. ഇത്തവണ മറ്റൊരു നമ്പറില്‍നിന്ന് ഏക്തയുടെ കുടുംബാംഗങ്ങളാണെന്ന വ്യാജേനയാണ് ഇയാള്‍ ശബ്ദംമാറ്റി സംസാരിച്ചത്. വിവാഹം ഉറപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഈ ഘട്ടത്തില്‍ വീണ്ടും 30 ലക്ഷം രൂപ കൈക്കലാക്കി. ഇതിനിടെ രോഹിത് നിതിനെ വിളിച്ച് പല കള്ളങ്ങളും പറഞ്ഞു. ഏക്തയുടെ കുടുംബത്തിന് ഹൈദരാബാദില്‍ കോടികള്‍ ആസ്തിയുള്ള വസ്തു ഉണ്ടെന്നും അടുത്തിടെ ഇത് വില്‍പ്പന നടത്തിയെന്നുമാണ് പ്രതി ധരിപ്പിച്ചിരുന്നത്. ഇക്കാര്യം നിതിന് ബോധ്യപ്പെട്ടെന്ന് മനസിലായതിന് പിന്നാലെ പ്രതി പുതിയ സിംകാര്‍ഡ് ഉപയോഗിച്ച് നിതിനെ വീണ്ടും വിളിച്ചു.
ഹൈദരാബാദില്‍നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇത്തവണ പ്രതി ശബ്ദംമാറ്റി സംസാരിച്ചത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഏക്തയെ അറസ്റ്റ് ചെയ്തതെന്നും കേസില്‍നിന്ന് ഒഴിവാക്കാന്‍ 20 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഈ തുകയും പരാതിക്കാരന്‍ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. ഇതിനുശേഷം ആര്‍.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേനയും വീട്ടില്‍ ഇ.ഡി. റെയ്ഡ് നടക്കുമെന്ന് ഭീഷണിപ്പെടുത്തിയും പ്രതി പണം തട്ടി. ആകെ 1.40 കോടി രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പ്രതി നിതിനില്‍നിന്ന് തട്ടിയെടുത്തത്. ഇതോടെ സംശയം തോന്നിയ നിതിന്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
പണം കൈമാറിയ ബാങ്ക് അക്കൗണ്ട വിവരങ്ങളടക്കം ശേഖരിച്ചാണ് പോലീസ് കേസില്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് മധ്യപ്രദേശിലെ മൈഹാറില്‍നിന്ന് പ്രതിയായ രോഹിതിനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് രണ്ട് മൊബൈല്‍ഫോണുകളും 11 സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കൈകാര്യംചെയ്തിരുന്ന 35 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും പോലീസ് അറിയിച്ചു.