KeralaNEWS

വിഴിഞ്ഞം തുറമുഖം: ആദ്യ കപ്പൽ, ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ നങ്കൂരമിട്ടു;  വാട്ടർ സല്യൂട്ട് നൽകി വരവേറ്റു

    കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോ എന്ന കപ്പലാണ് കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് എത്തിയത്.

രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം, കപ്പലിനെ വരവേറ്റു. ജൂലൈ 2ന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴി 8 ദിവസം കൊണ്ടാണ് ഇവിടെ എത്തിയത്. പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്  ഇന്ന് നടന്നത്. ചരക്ക് കപ്പലെത്തി ട്രയൽ റൺ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായി എന്നർത്ഥം.

Signature-ad

ബർത്തിംഗ് നടപടികൾ പുരോഗമിക്കുന്നു. നാളെയാണ് ട്രയൽ റൺ നടക്കുക. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. ബർത്തിംഗ് കഴിഞ്ഞാൽ ഇമിഗ്രേഷനും കസ്റ്റംഗ് ക്ലിയറൻസും പൂർത്തിയാക്കണം. പബ്ലിക്ക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും.

ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ കഴിയാത്തത്ര ശേഷിയുള്ള 8 ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും.

കരയോട് അടുപ്പിക്കാനുള്ള മൂറിങ് 10 മണിയോടെ തുടങ്ങി. കൂറ്റൻ വടം ഉപയോഗിച്ച് കപ്പലിനെ ബർത്തിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനമാണ് മൂറിങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. 7700 കോടിയുടെ പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.

 മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് എത്തി. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാവിലെ 10-ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എം.എസ്.സി)യുടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളായ കൊളംബോ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കാണ് പ്രമുഖ കപ്പല്‍ കമ്പനികളെ പെട്ടെന്നു തന്നെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിച്ചത്. നിലവില്‍ നാലും അഞ്ചും ദിവസം കാത്തുകിടന്നാലാണ് ഈ രണ്ടു തുറമുഖങ്ങളിലും ചരക്കിറക്കാന്‍ സാധിക്കുക. ഇതു കപ്പല്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം വന്‍ ബാധ്യത വരുത്തുകയാണ്. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം വിഴിഞ്ഞത്ത് സജ്ജമാവുന്നതോടെ ഒട്ടും വൈകാതെ അതിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ കപ്പല്‍ കമ്പനികള്‍ ശ്രമിക്കുകയാണെന്നാണ് സൂചനകള്‍

കടലില്‍ നങ്കുരമിട്ട സാന്‍ ഫെര്‍ണാണ്‍ഡോ എന്ന കപ്പലിൽ ആകെ 22 ജീവനക്കാരാണുള്ളത്. റഷ്യയിലെ യു ക്രൈന്‍ സ്വദേശിയായ വോളോദിമറാണ് ക്യാപ്റ്റന്‍. സംഘത്തില്‍  5 ഇന്ത്യക്കാരുണ്ട്. ഇവരില്‍ വാണിയംകുളം സ്വദേശി പ്രജീഷ് എന്നമലയാളിയുമുണ്ട്.

വിഴിഞ്ഞം തുറമുഖം നാൾവഴി

കരാർ ഒപ്പുവെച്ചത് 2015 ഓഗസ്റ്റ് 17 ന്. 2015 ഡിസംബർ 5 ന് തറക്കല്ലിട്ടു.
2017 ജൂൺ ഒന്നിന് ബെർത്ത് നിർമാണോദ്ഘാടനം.

2023 ഒക്ടോബർ 15 ന് ക്രെയിനുകളുമായി ആദ്യ കപ്പൽ എത്തി.

Back to top button
error: