കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടു മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഫിന്‍ദാസിലെ സെവന്‍ത് റിങ് റോഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ സഞ്ചരിച്ച മിനിബസില്‍ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് മിനി ബസ് അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തെ യു ടേണ്‍ പാലത്തിന്റെ കൈവരിയിലിടിച്ചു തകര്‍ന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്. ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്. പൂര്‍ണമായും തകര്‍ന്ന മിനിബസ് പൊളിച്ചാണ് ഉടന്‍ സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്.
ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശികളാണു മരിച്ച മറ്റു 2 പേര്‍. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.