KeralaNEWS

റിക്കവറി വാഹനത്തിലും തട്ടിപ്പ്, രണ്ടിനും ഒരേ നമ്പര്‍; പിഴ വീണത് ലക്ഷത്തിലധികം

പത്തനംതിട്ട: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ടു വാഹനങ്ങള്‍. കൃത്രിമ നമ്പര്‍ പതിച്ച വാഹനം പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യകമ്പനിയുടെ രണ്ട് റിക്കവറി വാഹനങ്ങളാണ് നഗരത്തില്‍ ഒരേ നമ്പറില്‍ ഓടിയത്. വെട്ടിപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനുസമീപം പതിവായി കിടക്കുന്ന റിക്കവറി വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചിരുന്നു.

തിങ്കളാഴ്ചയും ഇവിടെ വാഹനം കിടക്കുന്നത് കണ്ടിട്ടാണ് പതിവ് വാഹനപരിശോധനയ്ക്കായി ആറന്മുളയിലേക്ക് പോയത്. എന്നാല്‍, വാര്യാപുരത്ത് എത്തിയപ്പോള്‍ ഒരു വാഹന ഷോറൂമില്‍ ഇതേ വാഹനം കിടക്കുന്നത് ശ്രദ്ധിച്ചു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഷോറൂമിലെ വാഹനത്തിന്റെ ചേസിസ് നമ്പര്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ പരിശോധിച്ചതോടെ ഇത് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണെന്ന് വ്യക്തമായി.

Signature-ad

2019 മുതല്‍ നികുതി കുടിശ്ശികയുള്ള വണ്ടിയില്‍ മറ്റൊരു വണ്ടി നമ്പര്‍ കയറ്റി സര്‍വീസ് നടത്തുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വ്യാജനമ്പര്‍ പതിച്ച വാഹനം പിടിച്ചെടുത്തു. ടാക്‌സ് കുടിശ്ശിക ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയും നമ്പര്‍ കൃത്രിമം നടത്തിയതിന് പിഴയും ഇടാക്കും.

കൊല്ലം സ്വദേശിയില്‍നിന്ന് പത്തനംതിട്ട സ്വദേശി വാടകയ്ക്ക് എടുത്ത വാഹനങ്ങളാണിതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തനംതിട്ട ആര്‍.ടി.ഒ.യിലെയും എന്‍ഫോഴ്സ്മെന്റിലെയും ഉദ്യോഗസ്ഥരായ ഷമീം മുഹമ്മദ്, ബി.ശ്രീജിത്ത്, സ്വാതിദേവ്, ശങ്കര്‍, ഷെമീര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Back to top button
error: