ജമ്മു: ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും ശ്രീകോവില്‍ തകര്‍ക്കുകയും ചെയ്ത് യുവാവ്. ജമ്മു നഗ്രോട്ടയിലെ നരേന്‍ ഖൂ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിനു നേരെയാണ് ശനിയാഴ്ച ആക്രമണം നടന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടി. പ്രദേശവാസിയായ അര്‍ജുന്‍ ശര്‍മയാണ് അറസ്റ്റിലായത്.
തുടര്‍ന്ന് ഫോറന്‍സിക്, ക്രൈംബ്രാഞ്ച് സംഘം പൊലീസ് നായ്ക്കളുമായി സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെയും അന്വഷണത്തിന്റെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ സംശയാസ്പദമായ നാല് പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ അര്‍ജുന്‍ ശര്‍മയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് എസ്.പി പറഞ്ഞു.
മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, ജൂണ്‍ 30ന് റിയാസി ജില്ലയിലെ ആരാധനാലയം നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാവുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആളുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 50ലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതായി ആരോപിച്ച് ജമ്മു-കശ്മീര്‍ ഭരണകൂടത്തിനും ബി.ജെ.പിക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മേഖലയിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള ഗൂഢാലോചന തുറന്നുകാട്ടാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.