കോഴിക്കോട്: സി.പി.എം നേതാവ് കോഴ വാങ്ങിയത് പി.എസ്.സി ഹോമിയോ ഡോക്ടര്‍ നിയമനത്തിന് വേണ്ടി. ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയാണ് പരാതി.
നേരത്തെ പി.എസ്.സി അംഗത്വത്തിന് വേണ്ടി കോഴ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സി.ഐ.ടി.യുവിന്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും. സി.ഐ.ടി.യുവില്‍നിന്നും പുറത്താക്കും.
മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്.
നേതാവ് കോഴ വാങ്ങിയെന്ന വാര്‍ത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് വന്നിരുന്നു. തട്ടിപ്പുകള്‍ പലതരത്തില്‍ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.