IndiaNEWS

ആയുധ ലൈസന്‍സിന് കൂട്ടത്തോടെ അപേക്ഷ നല്‍കി ഹരിയാനയിലെ ഗോരക്ഷകര്‍

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗോസംരക്ഷണ സംഘങ്ങള്‍ ആയുധ ലൈസന്‍സിനായി കൂട്ടത്തോടെ അപേക്ഷ നല്‍കി. ഹരിയാനയിലെ പശുക്കടത്ത് സംഘങ്ങളെ നേരിടാനാണ് സര്‍ക്കാരിനോട് തോക്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ കലാപത്തിന് ശേഷം 90 ലൈസന്‍സുകള്‍ ഗോരക്ഷകര്‍ നേടിയെടുത്തിരുന്നു. ഹരിയാനയില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പശു സംരക്ഷക സംഘങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നെന്ന് ആരോപിച്ചാണ് ആയുധ ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. ജൂണ്‍ 25ന് നുഹ് ജില്ലയില്‍ പശു സംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വ്യാപാരിക്ക് നേരെ ഒരു സംഘം ആളുകള്‍ വെടിയുതിര്‍ത്തിരുന്നു. അക്രമികള്‍ പശു കടത്ത് സംഘത്തിലുള്ളവരാണെന്നാണ് വ്യാപാരിയുടെ സംശയം. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല. വ്യാപാരി ഏതെങ്കിലും തരത്തില്‍ പശു സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.- ‘ദി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

വ്യാപാരിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഗോസംരക്ഷണ സംഘങ്ങള്‍ തങ്ങളുടെ അംഗങ്ങളോട് ആയുധ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറയുന്നത്.

രണ്ടാഴ്ച മുമ്പ് നൂഹില്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ പശുക്കടത്തുകാരുടെ വെടിയേറ്റ് ?ഗോസംരക്ഷകന് ഗുരുതരമായി പരിക്കേറ്റിരുന്നു. നിരോധനം നടപ്പിലാക്കാന്‍ സഹായിക്കുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ‘ഗോ സംരക്ഷണ ടാസ്‌ക് ഫോഴ്സ്’ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. പ്രാദേശിക ഗോസംരക്ഷകര്‍ ജില്ലാതല ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളാണ്.

കന്നുകാലി സംബന്ധമായ ആള്‍ക്കൂട്ട കൊലപാതകങ്ങളും പശുസംരക്ഷണത്തെക്കുറിച്ചുള്ള ഭയവും ജില്ലയില്‍ ഒരു കാലത്ത് പ്രചാരത്തിലുള്ള കന്നുകാലി വ്യാപാരത്തെ ചുരുക്കിയതായി മുസ്ലിം ഭൂരിപക്ഷ ജില്ലയായ നൂഹിലെ നിവാസികള്‍ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം വന്‍വര്‍ഗീയ കലാപം നടന്നിരുന്നു. നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഗോരക്ഷാസേനാ നേതാവും ബജ്റങ്ദള്‍ പ്രവര്‍ത്തകനുമായ മോനു മനേസറിനെ അറസ്റ്റ് ചെയ്തു. ജനുവരിയില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

ഹരിയാനയിലെ നൂഹില്‍ ജൂലൈ 31ന് ഉണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ ബജ്റംഗ്ദള്‍ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

 

Back to top button
error: