NEWSWorld

ബ്രിട്ടനില്‍ സുനക് ഔട്ട് സ്റ്റാര്‍മര്‍ ഇന്‍; ഭരണമുറപ്പിച്ച് ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. നിലവില്‍ 359 സീറ്റുമായി ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 72 സീറ്റില്‍ ഒതുങ്ങി. 2019 ലേതിനെക്കാള്‍ 172 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി മൂന്നാമതെത്തി.

ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍നിന്നാണ് സ്റ്റാര്‍മറുടെ വിജയം. ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ര്‍ സ്റ്റാര്‍മര്‍ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തോല്‍വി സമ്മതിച്ചു. സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.

Signature-ad

650 അംഗ പാര്‍ലമെന്റില്‍ 410 സീറ്റും ലേബര്‍ പാര്‍ട്ടി നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 131 സീറ്റിലൊതുങ്ങുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റ് നേടുമെന്നും നൈജല്‍ ഫരാജിന്റെ റിഫോം യുകെ പാര്‍ട്ടി 13 സീറ്റ് നേടുമെന്നുമായിരുന്നു പ്രവചനം. തീവ്ര ദേശീയവാദി പാര്‍ട്ടിയായ യുകെ റിഫോം പാര്‍ട്ടി 4 സീറ്റ് നേടി. നേതാവ് നൈജല്‍ ഫരാജ് ആദ്യമായി വിജയിച്ചു. ക്ലാക്ടണ്‍ മണ്ഡലത്തില്‍നിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പില്‍ യുകെ റിഫോമിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

2010 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തിലെത്തിയശേഷം, 14 വര്‍ഷത്തിനിടെ 5 പ്രധാനമന്ത്രിമാര്‍ ഭരിച്ചു. 4 തിരഞ്ഞെടുപ്പുകളും 2 ഹിതപരിശോധനകളും നടന്നു. ഇത്തവണ ലേബര്‍ വിജയം ഉറപ്പിച്ചാല്‍, ഇന്ത്യന്‍ വംശജര്‍ (നിലവില്‍ 15 പേര്‍) ഉള്‍പ്പെടെ വംശീയ ന്യൂനപക്ഷക്കാരായ എംപിമാരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നു നിരീക്ഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: