കോട്ടയം: പ്രയാം 76 ആയിട്ടും പാത്തുക്കുട്ടിക്ക് പൂച്ചകളെ പെരുത്തിഷ്ടമാണ്. അന്നംതേടി വരുന്ന അവയ്ക്ക് ചോറും മീനും ആവോളം നല്‍കും, ലാളിക്കും. നെല്ലിയും നാരകവും മാവും പ്‌ളാവുമൊക്കെ നട്ടും നനച്ചും ‘മൂത്താപ്പയുടെ’ ഓര്‍മ്മകള്‍ പങ്കുവച്ചും ചെങ്ങളത്തെ വീട്ടില്‍ പാത്തുക്കുട്ടി ഹാപ്പിയാണ്. കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിടവാങ്ങലിന് ഇന്ന് മുപ്പതാണ്ട് തികയുമ്പോള്‍ മൂത്താപ്പയ്‌ക്കൊപ്പം കുളിക്കാന്‍ പോയതും ആടിന്റെ വാലില്‍ പിടിച്ചതും ചാമ്പങ്ങ വിറ്റതുമൊക്കെ ഇന്നലെയെന്നപോലെ പാത്തുക്കുട്ടി ഓര്‍മ്മിക്കുന്നു.
‘പാത്തുമ്മയുടെ ആടിലെ’ കഥാപാത്രങ്ങളില്‍ നാലുപേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പാത്തുക്കുട്ടി, സെയ്തുമുഹമ്മദ്, ഖദീജ, ആരിഫ. ബഷീറിന്റെ ഇളയസഹോദരന്‍ അബ്ദുള്‍ ഖാദറിന്റെ മൂത്തമകളാണ് പാത്തുക്കുട്ടി. ഭര്‍ത്താവ് ചെങ്ങളം കരിമ്പിച്ചിറയില്‍ അബ്ദുള്‍ഖാദര്‍ ഓര്‍മ്മയായിട്ട് 38 വര്‍ഷം. മൂത്തമകന്‍ മുഹമ്മദ് ഷാഫി കോട്ടയത്ത് ഡെപ്യൂട്ടി കളക്ടര്‍. രണ്ടാമത്തെ മകന്‍ നൗഷാദ് സര്‍വെയര്‍. ചെങ്ങളത്ത് പെട്രോള്‍ പമ്പ് നടത്തുന്ന ഇളയമകന്‍ നിസാറിനൊപ്പമാണ് പാത്തുക്കുട്ടി കഴിയുന്നത്.
ബഷീര്‍ പാത്തുക്കുട്ടിക്ക് മൂത്താപ്പയാണ്. ബഷീറിന്റെ പുസ്തകങ്ങളെല്ലാം വായിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആടും, വിശ്വവിഖ്യാതമായ മൂക്കും, മതിലുകളും ഏറെയിഷ്ടം. പത്താംക്‌ളാസ് കഴിഞ്ഞാണ് പാത്തുക്കുട്ടി പാത്തുമ്മയുടെ ആട് വായിക്കുന്നത്. ‘മൂത്താപ്പ എപ്പോഴും യാത്രയായിരുന്നു. വല്ലാത്ത സ്‌നേഹമായിരുന്നു. വീട്ടിലുള്ളപ്പോള്‍ ഞങ്ങള്‍ ചുറ്റും കൂടും’ പാത്തുക്കുട്ടി പറഞ്ഞു.
തൊട്ടടുത്തുള്ള മകന്‍ മുഹമ്മദ് ഷാഫിയുടെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിലാണ് പൂച്ചകളുള്ളത്. രാവിലെ പാത്തുക്കുട്ടി അവിടെയെത്തും. ചോറും മീനും വച്ച് നല്‍കും. രണ്ട് ചക്കിപ്പൂച്ചകളാണ് ആദ്യം വന്നുകയറിയത്. പെറ്റുപെരുകി ഇപ്പോള്‍ എട്ടായി. പേരയ്ക്കയും പുളിയും പൂവന്‍വാഴയും നിറയെ പൂക്കളുള്ള ചെടികളും നിറഞ്ഞ വീട്ടുമുറ്റം. എല്ലാം പാത്തുക്കുട്ടി തനിയെ നട്ടുപിടിപ്പിച്ചത്. സീസണായാല്‍ മാവിലും പ്ലാവിലുമൊക്കെ അണ്ണാനും മരംകൊത്തിയും മറ്റ് കിളികളുമൊക്കെ വിരുന്നെത്തും. ബഷീറിനെ പോലെ സമസ്ത ജീവജാലങ്ങള്‍ക്കും പാര്‍ക്കാനുള്ളയിടം ഒരുക്കിയിട്ടുണ്ട് പാത്തുക്കുട്ടിയും.