KeralaNEWS

”നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല”

കൊച്ചി: വിദ്യാര്‍ഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി. എന്നാല്‍ പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തില്‍ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനകു എന്നും കോടതി വ്യക്തമാക്കി.

Signature-ad

അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി ലളിതവും ചെറുതുമായ തിരുത്തല്‍ നടപടികള്‍ അധ്യാപകര്‍ സ്വീകരിക്കുമ്പോള്‍ അതു ബാലനീതി വകുപ്പിന്റെ പരിധിയില്‍ കൊണ്ടു വന്നാല്‍ സ്‌കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകന്‍ പരിധിവിട്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താല്‍ ബാലനീതി വകുപ്പുകള്‍ ബാധകമാകുമെന്നും കോടതി പറഞ്ഞു.

2018ലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ സ്‌കൂളിന്റെ പ്രിന്‍സിപ്പലും അധ്യാപകനുമായ ജോമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജിക്കാരനെതിരെയുള്ള അന്തിമ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി.

Back to top button
error: