ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസില്‍ അനിവാര്യമായിരിക്കുകയാണ്.
നിലവില്‍ ഇസ്രയേലിലുള്ള ഇയാള്‍ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം. അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍, നാട്ടിലെത്തിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അനില്‍കുമാറിനെ ഇസ്രായേലില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം.
കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഇതോടെയാണ് ഒന്നാംപ്രതി അനില്‍കുമാര്‍ മൃതദേഹം മാറ്റിയോ എന്ന സംശയമുയരുന്നത്.
സംഭവസമയത്ത് അനില്‍കുമാര്‍ നാട്ടിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. അതിനാല്‍ തന്നെ മറ്റുസഹായമില്ലാതെ സെപ്റ്റിക് ടാങ്ക് തുറന്ന് മൃതദേഹം മാറ്റാന്‍ ഇയാള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് നിഗമനം.