CrimeNEWS

57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വര്‍ഷം ജയിലില്‍, വധശിക്ഷ; പ്രതിയാക്കാന്‍ പോലും തെളിവില്ലെന്ന് ഹൈക്കോടതി! ഒടുവില്‍ നഷ്ടപരിഹാരത്തോടെ ഗിരീഷിന് മോചനം

കൊച്ചി: കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്ന ആളെ പത്ത് വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനാക്കി. കുണ്ടറ ആലീസ് വധക്കേസിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. നിഷ്‌കളങ്കനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വെറുതെ വിട്ടത്. ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു.

2013ലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ് (57) കൊലചെയ്യപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു എന്നാണ് കേസ്. തുടര്‍ന്ന് 2018ല്‍ കൊല്ലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (4) ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷനു യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

Signature-ad

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവന്‍ പരാജയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഗിരീഷ് കുമാറിനെ മോചിപ്പിച്ചതു കൊണ്ടു മാത്രം നീതിന്യായ വ്യവസ്ഥയ്ക്ക് ഏറ്റ കളങ്കവും അയാള്‍ അനുഭവിച്ച മനുഷ്യാവകാശ ലംഘനവും മാറില്ലെന്നും കോടതി വ്യക്തമാക്കി. ഇത് കണക്കാക്കിയാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.

ഗിരീഷാണ് കുറ്റം ചെയ്തതെന്നു തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കുറ്റകൃത്യം നടന്നിടത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന ഒന്നും ഹാജരാക്കിയിട്ടില്ല. പ്രതിയുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്ന ശാസ്ത്രീയമായ തെളിവുകളും ഹാജരാക്കിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയില്‍നിന്ന് വിരലടയാളം ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ മോഷണമുതല്‍ കണ്ടെടുത്തതും സിം കാര്‍ഡുള്ള ജീന്‍സ് കണ്ടെടുത്തതും പ്രതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

25 പവനാണ് ആലീസിന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. എന്നാല്‍ കണ്ടെടുത്തതാകട്ടെ 25 ഗ്രാം സ്വര്‍ണവും. ഇത് ആലീസിന്റേതാണ് എന്ന് ഭര്‍ത്താവിന് പോലും തിരിച്ചറിയാനായിട്ടില്ല. ഗിരീഷിന് വധശിക്ഷയ്ക്ക് വിധിച്ചത് 18ാം സാക്ഷിയുടെ മൊഴി പ്രകാരമാണ്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യമിടുന്നത് എന്ന് കാണിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു ഈ മൊഴി. പല മൊഴികളും സംശയകരമാണ് എന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ആലീസിനെ അവസാനം കണ്ടവരെ വിസ്തരിക്കുകയോ സംഭവസ്ഥലത്ത് കണ്ട കത്തി ശാസ്ത്രീയമായി പരിശോധിക്കുകയോ ചെയ്തിട്ടില്ല. സിം കാര്‍ഡുകള്‍ കണ്ടെടുത്ത സാഹചര്യം വിശ്വാസയോഗ്യമല്ല. ഗിരീഷിനെ പ്രതിയാക്കാനുള്ള പ്രാഥമിക സാഹചര്യം പോലുമില്ലെന്നും കോടതി വ്യക്തമാക്കി

ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയേയും ഹൈക്കോടതി വിമര്‍ശിച്ചു. പ്രതിയെ വധശിക്ഷയ്ക്കു വിധിക്കാന്‍ പോയിട്ട് ചുമത്തപ്പെട്ട ഏതെങ്കിലും കുറ്റം നിലനില്‍ക്കുന്ന തെളിവുകള്‍ പോലും വിചാരണക്കോടതിയിലെ ജഡ്ജിക്കു മുന്‍പില്‍ ഉണ്ടായിരുന്നില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വധശിക്ഷ വിധിക്കുന്നതിന് ‘അപൂര്‍വങ്ങളില്‍ അപൂര്‍വമായ’ കേസ് എന്നു പറയാന്‍ എന്താണുള്ളത് എന്നുപോലും വിചാരണക്കോടതിയില്‍നിന്ന് ചോദ്യമുണ്ടായില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: