തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍. ഭൂമിയിടപാടില്‍ ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം. ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണ്. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കൈമാറ്റം തിരുവനന്തപുരം അഡീഷണല്‍ സബ് കോടതി തടഞ്ഞിരുന്നു. ഭൂമി വില്‍പ്പനയ്ക്കായി അഡ്വാന്‍സായി വാങ്ങിയ തുക മടക്കി നല്‍കാത്തതാണ് ഭൂമികൈമാറ്റം തടയാന്‍ ഇടയാക്കിയത്. കേസിനാസ്പദമായ തുക കോടതിയില്‍ കെട്ടിവെച്ചാല്‍ മാത്രമേ പോലീസ് മേധാവിക്ക് ഇനി ഭൂമി കൈമാറ്റം സാധ്യമാകൂ.
വഴുതക്കാട് സ്വദേശി ആര്‍. ഉമര്‍ ഷെരീഫ് ആയിരുന്നു ഹര്‍ജിക്കാരന്‍. ഡി.ജി.പി.യുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരില്‍ പേരൂര്‍ക്കട മണികണ്ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപ വില സമ്മതിച്ച് ഉമര്‍ വസ്തുവില്‍പ്പനക്കരാറുണ്ടാക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു.
രണ്ടുമാസത്തിനകം ഭൂമികൈമാറ്റം എന്നായിരുന്നു കരാര്‍. കരാര്‍ദിവസം 15 ലക്ഷം രൂപയും പിന്നീട് രണ്ടു തവണയായി 15 ലക്ഷം രൂപയും നല്‍കി. അവസാന തവണ പോലീസ് മേധാവിയുടെ ഓഫീസില്‍വെച്ചാണ് കൈമാറിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ പ്രമാണം കാണണമെന്ന് ഉമര്‍ ആവശ്യപ്പെട്ടു.
വസ്തുവിന് ബാധ്യതകള്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ വസ്തു എസ്.ബി.ഐ. ആല്‍ത്തറ ശാഖയില്‍ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിഞ്ഞു. തുടര്‍ന്ന് അഡ്വാന്‍സ് മടക്കി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും പണം നല്‍കിയില്ല. ഇതിനിടെ ഭൂമി മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഉമര്‍ കോടതിയെ സമീപിച്ച് ഭൂമി അറ്റാച്ച് ചെയ്യിച്ചത്.
പണം കിട്ടിയാല്‍ കേസില്‍നിന്ന് പിന്മാറാമെന്ന് ഉമര്‍ ഷെരീഫ് മാധ്യമങ്ങളോടു പറഞ്ഞു. കരാര്‍ എഴുതുന്ന സമയത്ത് വസ്തുവിന് ഒരു ബാധ്യതയും ഇല്ലെന്നായിരുന്നു എഴുതിയിരുന്നത്. ഡി.ജി.പി.യെ നേരിട്ട് കാണാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഓണ്‍ലൈന്‍വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഉമര്‍ ഷെരീഫ് പറഞ്ഞു.
അതേസമയം, വസ്തുവിന് വായ്പയുണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഷെയ്ക്ക് ദര്‍വേഷ് സാഹേബ് മാധ്യമങ്ങളോടു പറഞ്ഞു. മുഴുവന്‍ പണവും നല്‍കിയശേഷം പ്രമാണം ബാങ്കില്‍നിന്ന് എടുത്തുനല്‍കാമെന്ന് അറിയിച്ചിരുന്നു. കൃത്യമായ കരാറോടെയാണ് വില്‍പ്പനയ്ക്കു ശ്രമിച്ചത്. അഡ്വാന്‍സ് തന്നശേഷം കരാറുണ്ടാക്കിയ വ്യക്തി വസ്തുവില്‍ മതില്‍കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് തുക തിരികെ ചോദിക്കുകയായിരുന്നു. തനിക്കാണ് നഷ്ടമുണ്ടായതെന്നും പോലീസ് മേധാവി അറിയിച്ചു.