CrimeNEWS

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; കളി കാണാന്‍പോയ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയ യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. ആനന്ദിലെ ലെ ചിഖോദ്രയില്‍ കഴിഞ്ഞ 22 നായിരുന്നു സംഭം. പോള്‍സണ്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന തുണക്കച്ചവടക്കാരനായ സല്‍മാന്‍ വൊഹ്ര (23) ആണ് കൊല്ലപ്പെട്ടത്.
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ കാണാന്‍ പോയതായിരുന്നു സല്‍മാനും സുഹൃത്ത് ഷൊഹൈബും.

ഇവിടെ വാഹ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഷൊഹൈബും മറ്റു ചിലരുമായി തര്‍ക്കമുണ്ടായി. ഒരു സംഘം യുവാക്കാള്‍ സല്‍മാന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെനിന്ന് പോയ സംഘം ഏതാനും ആളുകളെക്കൂട്ടി വീണ്ടും തിരിച്ചെത്തി. ആള്‍ക്കൂട്ടം സല്‍മാനെ ഷൊഹൈബായി തെറ്റിദ്ധരിച്ച് മര്‍ദിക്കാന്‍ തുടങ്ങി. ഷൊഹൈബിനെ രക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ സല്‍മാനെ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

Signature-ad

ആള്‍ക്കൂട്ടം സല്‍മാനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സല്‍മാന്റെ ചലനമറ്റപ്പോള്‍ മാത്രമാണ് ആള്‍ക്കൂട്ടം തല്ലുന്നത് നിര്‍ത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശഷം ചിലര്‍ ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് കുടിക്കാന്‍ വെള്ളം നല്‍കി, ഒരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെനിന്നും എത്രയും പെട്ടെന്ന് കൂടുതല്‍ സൗകര്യമുള്ള സ്വകാര്യാശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. രണ്ടാമത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സല്‍മാനെ കൂടാതെ മറ്റു രണ്ട് യുവാക്കളും ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. അതില്‍ ഒരാള്‍ക്ക് ശരീരത്തില്‍ 17 തുന്നുകളും മറ്റൊരാള്‍ക്ക് ഏഴ് തുന്നുകളുമുണ്ട്. മരിച്ചതിന്റെ അടുത്ത ദിവസമാണ് സംഭവത്തില്‍ ആനന്ദ് റൂറല്‍ പോലീസ് കേസ് എടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍, ആക്രമണത്തിന് നേതൃത്വം നല്‍കിയ വിശാലിനെയും ശക്തിയെയും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു മാസം മുമ്പ് വിവാഹിതനായ സല്‍മാന്റെ ഭാര്യ ഒരു മാസം ഗര്‍ഭിണിയാണ്.

 

Back to top button
error: