KeralaNEWS

സിപിഎം കോട്ടകളില്‍ കടന്നുകയറാന്‍ ബിജെപി; ശക്തികേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും, കൃഷ്ണദാസിന് ചുമതല

തിരുവനന്തപുരം: സിപിഎം കോട്ടകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി കണ്ണൂരിന്റെയും കാസര്‍കോടിന്റെയും ചുമതല പി.കെ കൃഷ്ണദാസിന് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ കൃഷ്ണദാസ് മത്സരിക്കാനും സാധ്യതയുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പുതിയ നീക്കത്തിനൊരുങ്ങുന്നത്. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ക്ക് ഒന്നോ രണ്ടോ ജില്ലകള്‍ വീതം വീതിച്ച് നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. പികെ കൃഷ്ണദാസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായത് കൊണ്ട് തന്നെ സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരും കാസര്‍ഗോഡും ഇദ്ദേഹത്തിന് വീതിച്ചു നല്‍കുകയായിരുന്നു.

Signature-ad

തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണൂരും കാസര്‍ഗോഡും നോക്കണം എന്നാണ് കൃഷ്ണദാസിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍നിന്ന് ബിജെപി കൃഷ്ണദാസിനെ മത്സരിപ്പിക്കും. കൃഷ്ണദാസ് ഇത് അംഗീകരിച്ചതായാണ് വിവരം. കണ്ണൂര്‍ സിപിഎമ്മിലെ പടലപ്പിണക്കങ്ങളും ബിജെപി മുതലെടുത്തേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് വോട്ടുകള്‍ കാര്യമായി ഒഴുകി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപിക്ക് കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. പരമാവധി വോട്ട് 60,000 എന്ന കണക്കില്‍ തുടരവേ ഒരു ലക്ഷത്തിലധികം വോട്ടാണ് ഇത്തവണ കണ്ണൂരില്‍ നിന്ന് ബിജെപി നേടിയത്. പല മണ്ഡലങ്ങളിലും വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കി.

തലശ്ശേരിയില്‍ തങ്ങള്‍ നിശ്ചിത വോട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതിനാല്‍ തന്നെയാണ് കൃഷ്ണദാസിനെ ഇവിടെനിന്ന് മത്സരിപ്പിക്കുന്നതും. ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാഞ്ഞതിനാല്‍ ഏറെ വിവാദം സൃഷ്ടിച്ച മണ്ഡലങ്ങളിലൊന്ന് കൂടിയായിരുന്നു തലശ്ശേരി. ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതാണ് തിരിച്ചടിയായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പഞ്ചായത്തുകളില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നേരിട്ടിറങ്ങി പ്രവര്‍ത്തനം ശക്തമാക്കുമെന്നാണ് നേതൃയോഗങ്ങളില്‍ ഉണ്ടായ മറ്റൊരു തീരുമാനം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഈ പഞ്ചായത്തുകളില്‍ അനുസ്മരണ സമ്മേളനങ്ങള്‍ അടക്കം സംഘടിപ്പിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: