KeralaNEWS

അങ്കമാലി താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിങ്; വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണു നിര്‍ദേശം നല്‍കിയത്.

ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് രാത്രി ഒന്‍പതു മണിയോടെയാണു ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണു വിവരം. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാന്‍ പോലുമായില്ല.

Signature-ad

പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകരണ സമയത്തു നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു. 2 ദിവസമായിരുന്നു ചിത്രീകരണം. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.

അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിര്‍ദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: