തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡിനുള്ളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മൊബൈല്‍ ഫോണ്‍ തട്ടിയിട്ട് പൊട്ടിച്ചതുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീറാം, അനു, ബി.കോം വിദ്യാര്‍ഥിയായ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. നെയ്യാര്‍ഡാം കിക്മ (കേരള ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്) കോളേജില്‍ ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഒരു വിദ്യാര്‍ഥിയുടെ മൊബൈല്‍ മനപ്പൂര്‍വം തട്ടിയിട്ട് പൊട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കോളേജിനുള്ളില്‍ വെച്ചുതന്നെ പ്രശ്നം രമ്യമായി പരിഹരിച്ചെങ്കിലും തിരികെ ബസ്റ്റാന്‍ഡില്‍ എത്തിയ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു.
ബസ്റ്റാന്‍ഡില്‍ സംഘര്‍ഷം നടക്കുന്നതിനിടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇത് ഉന്തിനുംതള്ളിനും ഇടയാക്കി. കാട്ടാക്കട പോലീസ് എത്തി ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരെ വിട്ടയച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളാരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.