KeralaNEWS

അഞ്ചലില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കൊല്ലം: അഞ്ചല്‍ – ആയൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ലോറി ഡ്രൈവര്‍ വെളിയം സ്വദേശി ഷിബുവാണ് (37) മരിച്ചത്. അഞ്ചല്‍ – ആയൂര്‍ പാതയില്‍ കൈപ്പള്ളിമുക്ക് ഐസ് പ്ലാന്റിന് സമീപത്താണ് അപകടം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ആയൂരില്‍ നിന്ന് അഞ്ചലിലേക്ക് റബ്ബര്‍ തൈകളുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Signature-ad

അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

Back to top button
error: