തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസ് വാര്‍ റൂം – സുനില്‍ കനുഗോലു റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വലിയ അപചയം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സംഘടനാതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചില ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.
ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജില്ലാ നേതൃത്വങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പാര്‍ട്ടി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളില്‍ പകുതിയും നിര്‍ജീവമായിരുന്നെന്നും കണ്ടെത്തലുണ്ട്. കെ.പി.സി.സി. ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പില്‍ അലയടിച്ചിരുന്നു. 18 സീറ്റുകളിലെ വിജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചതിനു പിന്നിലെ പ്രധാനഘടകങ്ങള്‍ ഇവയാണെന്നാണ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. ഇതിനിടയിലും തൃശ്ശൂരിലെ പരാജയവും ജയിച്ചെങ്കിലും തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേറ്റ തിരിച്ചടിയും കോണ്‍ഗ്രസിന് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് കര്‍ണാടക മോഡല്‍ വാര്‍ റൂം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. കേരളത്തില്‍ എം. ലിജു, മണക്കാട് സുരേഷ്, ജെയ്‌സണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കിയ വാര്‍ റൂം കേന്ദ്രീകരിച്ചായിരുന്നു സുനില്‍ കനഗോലു ടീം പ്രവര്‍ത്തിച്ചത്. ആലത്തൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ പരാജയ സാധ്യത മുന്‍നിര്‍ത്തി വാര്‍ റൂം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. കൂടാതെ തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടേക്കാമെന്ന സൂചനയും നല്‍കിയിരുന്നു.