IndiaNEWS

ഭരണഘടനയ്‌ക്കെതിരായ ഏറ്റവുംവലിയ ആക്രമണമായിരുന്നു അടിയന്തരാവസ്ഥ; സ്പീക്കര്‍ക്ക് പിന്നാലെ രാഷ്ട്രപതിയും

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയ്ക്കെതിരേ അജന്‍ഡയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസിനെ സ്പീക്കര്‍ ഓം ബിര്‍ള പ്രതിരോധത്തിലാക്കിയതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി.

1975-ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനയ്‌ക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Signature-ad

ഭരണഘടനയ്ക്കെതിരായി മോദി സര്‍ക്കാര്‍ ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ സ്പീക്കറും രാഷ്ട്രപതിയും നടത്തിയിട്ടുള്ളത്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിയാണ് പ്രതിഷേധങ്ങള്‍ നടത്തിവരുന്നത്. ഇതിനിടയിലാണ് ഭരണപക്ഷത്തുനിന്ന് അടിയന്തരാവസ്ഥ ഉയര്‍ത്തിയുള്ള പ്രതിരോധം.

‘ഇന്ന് ജൂണ്‍ 27 ആണ്. 1975 ജൂണ്‍ 25-ന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഇരുണ്ടതുമായ അധ്യായമായിരുന്നു. രാജ്യം ഇതിനെതിരെ പ്രതിഷേധമുണ്ടായി. എന്നാല്‍, ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേല്‍ രാജ്യം വിജയിച്ചു’, ദ്രൗപദി മുര്‍മു പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭരണപക്ഷം ആഹ്ലാദാരവം മുഴക്കിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറുടെ പ്രസംഗത്തിലും അടിയന്താരവസ്ഥാ വിരുദ്ധ വിമര്‍ശനങ്ങളുയര്‍ന്നു.

സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തില്‍ 2014-ല്‍ 11-ാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: