കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിനെതിരെ പൊലീസ്. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു എന്ന ഭാര്യയുടെ സത്യവാങ്മൂലം ഭീഷണിപ്പെടുത്തി തയ്യാറാക്കിയതാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
രാഹുല്‍ മദ്യപനാണെന്നും, യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചാല്‍ ഇനിയും പീഡനം ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സാജു കെ എബ്രഹാം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രാഹുല്‍ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
രാഹുലിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ വസ്തുതയ്ക്ക് വിരുദ്ധമാണ്. ഗുരുതര പരിക്കുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. രാഹുല്‍ ഏല്‍പ്പിച്ച പരിക്ക് ഗുരുതരമാണെന്ന് സാക്ഷിമൊഴികളിലും മെഡിക്കല്‍ രേഖകളിലുമുണ്ട്. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയത്. 11 ദിവസത്തിന് ശേഷം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും ഇതേ വിവരങ്ങള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്.
രാഹുലുമായി ഒന്നിച്ചുജീവിക്കണമെന്ന യുവതിയുടെ നിലപാടില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ രാഹുലിന്റെ സാന്നിധ്യം ആവശ്യമാണ്. ജര്‍മ്മനിയില്‍ ഉണ്ടെന്ന് കരുതുന്ന രാഹുലിനെ നാട്ടിലെത്തിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.