തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍. കെ കരുണാകരന്‍ സപ്തതി മന്ദിരത്തിലുള്ള ഡിസിസി ഓഫീസ് മതിലിലാണ് പുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രസ് ക്ലബ് പരിസരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗള്‍ഫ് ടൂര്‍ നടത്തി ബിനാമി കച്ചവടങ്ങള്‍ നടത്തി നടന്ന മുന്‍ എംപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കൂടിയായ ടി എന്‍ പ്രതാപനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുക എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറം തൃശൂര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍.
മണലൂര്‍ കണ്ട് പനിക്കണ്ട പ്രതാപാ… പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത ആര്‍എസ്എസ് സംഘപരിവാര്‍ ഏജന്റ് ടി എന്‍ പ്രതാപനെ ഒറ്റപ്പെടുത്തുക എന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്നുള്ള വിഴുപ്പലക്കലിനെത്തുടര്‍ന്ന് താല്‍ക്കാലിക ഡിസിസി പ്രസിഡന്റായി ചുമതലയേറ്റ വി കെ ശ്രീകണ്ഠന്‍ എംപി പരസ്പരം ചെളിവാരിയെറിയുന്ന പോസ്റ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.