CrimeNEWS

ഗാര്‍ഹിക പീഡനം, പാതിരാ പാര്‍ട്ടി, ജീവനക്കാരനുനേരെ നായ്ക്കളെ അഴിച്ചുവിട്ടു… ദര്‍ശന്‍ സ്ഥിരം പ്രശ്‌നക്കാരന്‍

ബംഗളൂരു: നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ സ്ഥിരം പ്രശ്‌നക്കാരനാണെന്നു പൊലീസ്. ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയയിലെ മലിനജല കനാലില്‍ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു. ദര്‍ശനെതിരായ മുന്‍ കേസുകള്‍:

ഗാര്‍ഹിക പീഡനം, വധശ്രമക്കേസ്
ദര്‍ശനെതിരെ ഭാര്യ വിജയലക്ഷ്മി ഗാര്‍ഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും നല്‍കിയ പരാതിയില്‍ 2011 സെപ്റ്റംബര്‍ 9ന് കേസെടുത്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ദര്‍ശനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദമ്പതികള്‍ ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് പിന്‍വലിച്ചു.

Signature-ad

എസ്യുവി അപകടം
ദര്‍ശനും മുതിര്‍ന്ന നടന്‍ ദേവരാജ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും സഞ്ചരിച്ച എസ്യുവി നിയന്ത്രണം വിട്ട് നോര്‍ത്ത് മൈസൂരുവില്‍ തെരുവുവിളക്കില്‍ ഇടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരുക്കേറ്റിരുന്നു. 2018 സെപ്റ്റംബര്‍ 24നായിരുന്നു അപകടം.

വെയിറ്ററെ ആക്രമിച്ചു
മൈസൂരുവിലെ ഹോട്ടലില്‍ വെയിറ്ററെ ആക്രമിച്ചതായി ദര്‍ശനെതിരെ ആരോപണമുയര്‍ന്നത് 2021 ജൂലൈയിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാനും നിയമനടപടി ഒഴിവാക്കാനും താരം 50,000 രൂപ നല്‍കിയെന്നാണു റിപ്പോര്‍ട്ട്.

വന്യജീവി നിയമം ലംഘിച്ചു
വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ച് മൈസൂരുവിലെ ഫാംഹൗസില്‍ നാലു കുറിത്തലയന്‍ വാത്തുകളെ സൂക്ഷിച്ചതായി 2023 ജനുവരി 30ന് ആരോപണമുയര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദര്‍ശന്റെ ഫാംഹൗസ് റെയ്ഡ് ചെയ്തു പക്ഷികളെ രക്ഷിച്ചതു വാര്‍ത്തയായി.

ജീവനക്കാരനു നേരേ നായ്ക്കളെ അഴിച്ചുവിട്ടു
2023 ഒക്ടോബര്‍ 28 ന് ദര്‍ശന്റെ സുഹൃത്തുക്കള്‍ തനിക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ടതായി ദര്‍ശന്റെ ഒരു ജീവനക്കാരന്‍ ആരോപിച്ചു. സംഭവത്തില്‍ ദര്‍ശനു നേരിട്ട് പങ്കില്ലെന്നാണു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പാതിരാ പാര്‍ട്ടി
2024 ജനുവരി 4ന് ഒരു ബാറില്‍ അനുവദനീയമായ സമയം കഴിഞ്ഞും പാര്‍ട്ടി നടത്തിയെന്നാരോപിച്ച് ദര്‍ശനെയും മറ്റ് ഏഴു പേരെയും സുബ്രഹ്‌മണ്യനഗര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദര്‍ശന്റെ ‘കാറ്റേറ’ എന്ന സിനിമയുടെ വിജയം ആഘോഷിക്കാനായിരുന്നു പുലര്‍ച്ചെവരെ നീണ്ട ഒത്തുചേരലും മദ്യപാനവും.

Back to top button
error: