ലഖ്നൗ: യുപിയില്‍ വിവാഹ ചടങ്ങിനിടെ വരന് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഭദോഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം.
വധുവിന്റെ വീട്ടുകാര്‍ വരനെയും തഹസില്‍ദാര്‍ ഗൗതമിനെയും പിതാവ് ജയപ്രകാശിനെയും മുത്തച്ഛന് മേവലാലിനെയും ബന്ദികളാക്കി വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ച എട്ട് ലക്ഷം രൂപ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. സിറ്റി കോട്വാലി പോലീസ് സ്റ്റേഷന് പരിധിയിലെ ഫട്ടുപൂര്‍ പ്രദേശത്തെ താമസക്കാരിയായ ഷീലാദേവിയുടെ മകള്‍ പിങ്കിയും ജൗന്‍പൂര്‍ ജില്ലയിലെ ജയറാംപൂര്‍ സ്വദേശിയായ ഗൗതമുമായുള്ള വിവാഹമാണ് മുടങ്ങിയത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ വരന് മദ്യലഹരിയിലായിരുന്നുവെന്നും സ്റ്റേജില്‍ നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും വധുവിന്റെ ബന്ധുക്കള്‍ പറയുന്നു.
ഇത് കണ്ട് ചിലര്‍ സ്റ്റേജിലെത്തിയപ്പോള്‍ വരന് ഇറങ്ങിപ്പോയതായി വധുവിന്റെ അമ്മ ഷീലാദേവി പറഞ്ഞു. തുടര്‍ന്ന് സ്റ്റേജിന് പിന്നില്‍ കഞ്ചാവ് വലിക്കുന്നതാണ് കണ്ടത്.ഇതില്‍ പ്രകോപിതയായ വധു വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. വ്യാഴാഴ്ച രാവിലെയാണ് വരനെയും വീട്ടുകാരെയും വിട്ടയച്ചത്.