കൊച്ചി: മാട്രിമോണി സൈറ്റില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടും വിവാഹം നടക്കാതെ വന്ന യുവാവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. മാട്രിമോണി സൈറ്റായ കേരള മാട്രിമോണിക്കെതിരെ ചേര്‍ത്തല സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് എറണാകുളത്തെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നടപടി വിധിച്ചത്. യുവാവിന് ചെലവായ 4100 രൂപയ്ക്ക് പുറമെ നഷ്ടപരിഹാരമായി 28000 രൂപയും നല്‍കണമെന്നാണ് ഡിബി ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
എറണാകുളത്തെ കേരള മാട്രിമോണി സൈറ്റിനെതിരെയാണ് യുവാവ് പരാതി നല്‍കിയത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ 2018 ഡിസംബറില്‍ യുവാവ് ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് ശേഷം വെബ്സൈറ്റിന്റെ ഓഫീസില്‍ നിന്നും പലതവണ ബന്ധപ്പെടുകയും തുക നല്‍കിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂ എന്നും അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതോടെ 4,100 രൂപ ഫീസടച്ച് യുവാവ് രജിസ്ട്രേഷനും നടത്തി. എന്നാല്‍ പണം നല്‍കിയതിന് ശേഷം ഫോണ്‍ കോളുകള്‍ക്ക് മറുപടിയുണ്ടായില്ല. ഓഫീസില്‍ പോയി കാര്യം പറഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നതോടെ യുവാവ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
വിവാഹം നടക്കുമെന്ന തരത്തില്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച ശേഷം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാക്കുന്ന നടപടി അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി. രജിസ്ട്രേഷന്‍ ഇനത്തില്‍ ചിലവായ 4100 രൂപയും നഷ്ടപരിഹാരമായി 28000 രൂപയും നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എതിര്‍കക്ഷി പരാതിക്കാരന് നല്‍കുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.
2019 ജനുവരി മുതല്‍ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജില്‍ കീഴില്‍ പരാതിക്കാരന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ മാത്രമാണ് തങ്ങള്‍ എന്നും സേവന കാലയളവില്‍ വിവാഹം ഉറപ്പുനല്‍കിയിരുന്നില്ലെന്നുമായിരുന്നു കോടതിയില്‍ കേരള മാട്രിമോണിയുടെ വാദം.