ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണു തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയല്‍ പരേഡിനിടെ ആയിരുന്നു ആത്മഹത്യാശ്രമം.
പൊലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീട്ടില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷം മുന്‍പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്കു മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങള്‍ കാട്ടിയതോടെ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
തുടര്‍ന്ന് മാതാവ് സിഡബ്ല്യുസിയില്‍ പരാതി നല്കി. ഇവരുടെ നിര്‍ദേശപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.