LIFELife Style

നാല്‍പ്പതുകളിലെയും അമ്പതുകളിലെയും വിവാഹമോചനം; വില്ലനാകുന്നത് ഈ പ്രശ്നങ്ങള്‍

ഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ, മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച കാതല്‍ എന്ന സിനിമ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു. ആ സിനിമ കൈകാര്യം ചെയ്തിരുന്ന പ്രമേയം അത്രയ്ക്കും സാമൂഹ്യപ്രസക്തമായിരുന്നു. കാതലിന്റെ കാതലിലേക്ക് കടക്കുന്നില്ലെങ്കിലും ആ സിനിമയില്‍ വഴിത്തിരിവാകുന്ന ഒരു സംഭവം പറയാം. ജ്യോതികയുടെ ഓമന എന്ന കഥാപാത്രം പത്തിരുപത് വര്‍ഷത്തോളം നീണ്ട തന്റെ ദാമ്പത്യം അവസാനിപ്പിച്ച് മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസ്സിയില്‍ നിന്നും വിവാഹമോചനം തേടാന്‍ ഉറച്ച തീരുമാനമെടുക്കുന്നു. മമ്മൂട്ടിയെയും കുടുംബത്തെയും നാടിനെ ഒന്നാകെയും ഞെട്ടിക്കുന്നുണ്ട് ആ തീരുമാനം. അത്രയും നാള്‍ നീണ്ടുനിന്ന, പുറമേ നിന്ന് നോക്കുമ്പോള്‍ സംതൃപ്തമായി തോന്നിച്ചിരുന്ന ആ ദാമ്പത്യത്തില്‍ നിന്നും പുറത്തുവരാന്‍ ഓമനയെ പ്രേരിപ്പിച്ച കാരണമാണ് സിനിമയുടെ മൂലതന്തു.

വിവാഹിതരായി ഇത്ര കാലത്തിനുള്ളില്‍ വേണം വിവാഹമോചനം എന്ന് നിയമമൊന്നും ഇല്ല. വിവാഹപ്പിറ്റേന്ന് ദാമ്പത്യം അവസാനിപ്പിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ പുറത്തിറങ്ങിയ മലയാളത്തിലെ മറ്റൊരു സിനിമയായ പൂക്കാലത്തില്‍ നൂറുവയസോളം പ്രായമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹമോചിതരാകുന്നതാണ് കഥ. തൊണ്ണൂറുകളില്‍ വിവാഹമോചിതരാകുന്നത് നമ്മുടെ നാട്ടില്‍ പതിവില്ലെങ്കിലും വാര്‍ധക്യകാലത്ത് വിവാഹമോചിതരാകുന്നവരും ഉണ്ട്.

Signature-ad

വിവാഹത്തെ പവിത്രമായി, ആജീവനാന്ത ഉടമ്പടിയായി കണ്ടിരുന്ന ഒരു പാരമ്പര്യമാണ് നമുക്ക് ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജീവിതത്തില്‍ ആധുനികതയുടെ കടന്നുകയറ്റം കാരണം വിവാഹമോചനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹമോചന നിരക്കില്‍ നമ്മുടെ രാജ്യം പിന്നിലാണ് (1.1%ഃ) എങ്കിലും സമീപകാലത്തായി ഇന്ത്യയില്‍ വിവാഹമോചനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. എടുത്തുപറയേണ്ട കാര്യം ദീര്‍ഘകാല ദാമ്പത്യം ഉപേക്ഷിച്ച് വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടി വരികയാണ്. 20 വര്‍ഷങ്ങളോ അതില്‍ കൂടുതലോ ആയുസ്സുള്ള ദാമ്പത്യം ഉപേക്ഷിച്ചാണ് പലരും വിവാഹമോചനം തേടുന്നത്.

വിവാഹമോചനങ്ങളുടെ കാരണങ്ങള്‍

വഴിപിരിയുന്ന ഓരോ ദാമ്പത്യത്തിലും വിവാഹമോചനങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണെങ്കിലും സമാനമായ പ്രശ്നങ്ങള്‍ കാരണം വിവാഹം ഉപേക്ഷിക്കുന്ന നിരവധിപേരുണ്ട്. ഒരിക്കലും ഒത്തുപോകാത്ത അഭിപ്രായഭിന്നതകള്‍ തുടങ്ങി സമൂഹം അടിച്ചേല്‍പ്പികുന്ന മാനദണ്ഡങ്ങള്‍ വരെ വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

വര്‍ഷങ്ങളുടെ ആയുസ്സുള്ള ദാമ്പത്യം ഉപേക്ഷിക്കാന്‍ ദമ്പതികളെ പ്രേരിക്കുന്ന പൊതുവായ ചില കാരണങ്ങള്‍ നോക്കാം.

കുടുംബഘടനയില്‍ വന്ന മാറ്റം
പണ്ടുകാലത്തെ കൂട്ടുകുടുംബ ഘടനയില്‍ നിന്നും വ്യത്യസ്തമായി ഇന്ന് അണുകുടുംബങ്ങളാണ്. പണ്ട്, ദാമ്പത്യത്തിന് ഉപരിയായി കുടുംബത്തിലെ പല ഉത്തരവാദിത്തങ്ങളും ദമ്പതിമാരില്‍ ഉണ്ടായിരുന്നത് കൊണ്ട് കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പര ആശ്രിതത്വവും ഘടനയും മൂലം പങ്കാളിയുമായുള്ള വെല്ലുവിളികള്‍ ഭാര്യാഭര്‍ത്താക്കന്മാരെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാലിന്ന് ഭര്‍ത്താവും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തില്‍ ദാമ്പത്യത്തിന് ഉലച്ചില്‍ ഉണ്ടാകാതെ, വ്യക്തിപരമായ ആഗ്രഹങ്ങളും ആവശ്യങ്ങളും നിര്‍വ്വഹിക്കാന്‍ വ്യക്തികള്‍ക്ക് കഴിയുന്നില്ല. ഏറെക്കാലം ഇത്തരത്തില്‍ ജീവിതം മുന്നോട്ടുപോകുന്നത് ദമ്പതിമാരില്‍ മടുപ്പുണ്ടാക്കുകയും അവര്‍ വിവാഹമോചനത്തിലേക്ക് പോകുകയും ചെയ്യുന്നു.

വീടൊഴിയുമ്പോള്‍ ഉണ്ടാകുന്ന ഏകാന്തത
പല ദമ്പതിമാരെയും ദാമ്പത്യത്തില്‍ പിടിച്ചുനിര്‍ത്തുന്നത് മക്കളോടുള്ള ബാധ്യതകളാണ്. എന്നാല്‍ പഠനത്തിനോ വിവാഹശേഷമോ മക്കള്‍ വീട് വിട്ട് പോകുന്നതോടെ ദമ്പതിമാര്‍ empty nest (എംറ്റി നെസ്റ്റ)് ഘട്ടത്തിലേക്ക് കടക്കുന്നു. ഏറെക്കാലത്തിന് ശേഷം രണ്ടുപേരിലേക്ക് ജീവിതം ചുരുങ്ങുന്നതോടെ ദാമ്പത്യം പല വെല്ലുവിളികളും നേരിടുന്നു. ഒന്നിച്ചുള്ള ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതെ ദമ്പതിമാര്‍ ഇരുധ്രുവങ്ങളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുണ്ടാകുന്നു.

മറ്റ് ബന്ധങ്ങള്‍
പരസ്ത്രീ അല്ലെങ്കില്‍ പരപുരുഷ ബന്ധം ഏത് പ്രായത്തിലും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്താം. എങ്കിലും താരതമ്യേന ദീര്‍ഘകാല ദാമ്പത്യങ്ങളാണ് വിവാഹേതര ബന്ധത്തിന് ഇരകളാകുന്നത്. പരസ്പരം ബന്ധപ്പെടുന്നതിനും പ്രലോഭനങ്ങളില്‍ വീഴുന്നതിനും സോഷ്യല്‍മീഡിയ അടക്കം നിരവധി അവസരങ്ങള്‍ ഇന്നുണ്ട് എന്നതാകാം അതിനുള്ള കാരണം.

മുന്‍ഗണനകളിലെ മാറ്റം
പ്രായമാകുന്നതോടെ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകുക സ്വാഭാവികമാണ്. ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളില്‍ പങ്കാളിയും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും കഴിഞ്ഞേ ആളുകള്‍ക്ക് മറ്റ് കാര്യങ്ങള്‍ ഉണ്ടാകുകയുള്ളൂ. എന്നാല്‍ കാലം കഴിയുന്നതോടെ, ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുകയും ആവശ്യങ്ങള്‍ മാറുകയും അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ മുന്‍ഗണനകള്‍ മാറുന്നു. ദാമ്പത്യത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ആളുകള്‍ പുനര്‍ചിന്തനം നടത്തുന്നു. ഇത് ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍
ദാമ്പത്യത്തിന്റെ തുടക്കം മുതലുള്ള പരിഹരിക്കപ്പെടാതെ പോയ പ്രശ്നങ്ങളും അഭിപ്രായഭിന്നതകളും കാലങ്ങള്‍ക്ക് ശേഷം പൊട്ടിത്തെറിച്ചേക്കാം. ദീര്‍ഘകാലം പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ ദാമ്പത്യം അവസാനിപ്പിക്കാന്‍ പ്രായമാകുമ്പോള്‍ ദമ്പതിമാരെ പ്രേരിപ്പിക്കും.

മനോഭാവങ്ങളിലെ മാറ്റം
ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളുടെ സാമ്പത്തികമായും സാമൂഹികമായുള്ള വളര്‍ച്ച വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്. അതുപോലെ തന്നെ വിവാഹമോചനം എന്നതിനോട് സമൂഹത്തിനുണ്ടായ മനോഭാവത്തിലും വ്യത്യാസം വന്നു. വിവാഹമോചനം മോശം കാര്യമല്ലെന്നും ഒത്തുപോകാന്‍ സാധിക്കാതെ വന്നാല്‍ ഏതുപ്രായത്തിലും വിവാഹമോചിതരാകാമെന്നും ഇന്ന് ആളുകള്‍ ചിന്തിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: