ലോകം എത്രതന്നെ വികസിച്ചാലും ഇന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികള്‍ തന്നെയാണ് അതിന് വലിയ ഉദാഹരണം. ഇന്നും ഈ കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. അന്യഗ്രഹ ജീവികള്‍ ഇല്ലെന്ന് ഒരു പക്ഷം പേര്‍ പറയുമ്പോള്‍ മറ്റൊരു പക്ഷം അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ചിലര്‍ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഭൂമിയില്‍ നമുക്കിടയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നൊബേല്‍ പുരസ്‌കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികള്‍ മുന്‍മ്പും ഭൂമിയില്‍ വന്നിട്ടുണ്ട്. ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഇക്കാര്യം 100ശതമാനം ശരിയാണെന്നും ഗാരി വാദിക്കുന്നു.
മനുഷ്യരുടെ കൂടെ ഇവര്‍ ഇടപെട്ടിട്ടുണ്ടാകാമെന്നും മനുഷ്യവേഷം ധരിച്ച് നമുക്കിടയില്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികള്‍ ഭീഷണിയാകുമെന്ന് താന്‍ ഭയപ്പെടുന്നില്ലെന്നും ഗാരി ചൂണ്ടിക്കാട്ടി. യുഎസിലെ മാന്‍ഹട്ടനില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണ പ്രബന്ധത്തിലും ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഹാര്‍വഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. ക്രിപ്റ്റോടെറസ്ട്രിയല്‍ സങ്കല്പത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണം. അന്യഗ്രഹ ജീവികള്‍ വേഷം മാറി ഭൂമിയില്‍ ജീവിക്കുന്നുണ്ടെന്നാണ് ഈ സങ്കല്പത്തില്‍ പറയുന്നത്.
ഇത്തരത്തില്‍ ജീവികളുണ്ടാകാന്‍ സാദ്ധ്യയുണ്ടെന്നും ഇവരെ സന്ദര്‍ശിക്കാനായി ഭൂമിയിലെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരില്‍ കാണപ്പെടുന്ന തിരിച്ചറിയാത്ത പേടകങ്ങളെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയിലെത്തിയ അന്യഗ്രഹജീവികള്‍ ആദ്യകാലത്ത് സാങ്കേതികപരമായി ഉയര്‍ന്ന തലത്തില്‍ ജീവിതം നയിച്ചിരുന്നുവെന്നും എന്നാല്‍ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തത്തില്‍പെട്ട് അവരുടെ സംസ്‌കാരം നശിച്ചെന്നും പ്രബന്ധം പറയുന്നു. അവര്‍ പൂര്‍ണമായി നശിച്ചിട്ടില്ലെന്നും പ്രബന്ധം ചൂണ്ടിക്കാട്ടുന്നു.