KeralaNEWS

പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കല്‍; അന്തിമ തീരുമാനം മുരളീധരന്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും

കോഴിക്കോട്: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന പ്രഖ്യപനത്തില്‍ കെ. മുരളീധരന്‍ തിങ്കളാഴ്ച അന്തിമ തീരുമാനം അറിയിക്കും. കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ വ്യാഴാഴ്ച മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മാധ്യമങ്ങളിലൂടെ നിലപാട് അറിയിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കിയത്.

മുരളീധരന്‍ ഉന്നയിച്ച പ്രശ്‌നം ഉള്‍പ്പടെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ അന്വേഷണം നടത്തുമെന്നും കെ മുരളീധരനെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും കെ സുധാകരന്‍ കൂടിക്കാഴ്ചക്ക് ശേഷം അറിയിച്ചിരുന്നു. മുരളീധരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളില്‍, ഇത്തരം ഒരു ആവശ്യം അദ്ദേഹം ഉന്നയിച്ചിട്ടില്ലായെന്നും കെ.പി.സി.സി. അധ്യക്ഷ പദവി ഉള്‍പ്പടെ ഏത് സ്ഥാനത്തേക്കും അദ്ദേഹം യോഗ്യനാണെന്നും ഒന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ ആവില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

Signature-ad

തൃശ്ശൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മുരളീധരന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം വിമര്‍ശിച്ചു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വലിയ ഭൂരിപക്ഷത്തിലുള്ള വിജയവും കോണ്‍ഗ്രസിന് കേരളത്തിലെ മികച്ച വിജയത്തിനിടയിലും വലിയ തിരിച്ചടിയാണ് സമ്മാനിച്ചിട്ടുള്ളത്.

 

 

Back to top button
error: