CrimeNEWS

ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യചെയ്ത സംഭവം; പൊള്ളലേറ്റ വീട്ടമ്മയും മകനും മരിച്ചു

തിരുവനന്തപുരം: ഭര്‍ത്താവ് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മകനും മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിനു സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ബിന്ദു(42), മകന്‍ അമല്‍രാജ് (17) എന്നിവരാണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പൊള്ളലേറ്റ രാജേന്ദ്രന്‍ (53) തത്ക്ഷണം മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.

രാജേന്ദ്രനും ബിന്ദുവും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി അകന്നു കഴിയുകയായിരുന്നു. ഞായറാഴ്ച ബിന്ദു തന്റെ തയ്യല്‍ മെഷീനും വാഷിംഗ് മെഷീനും മറ്റ് സാധനങ്ങളും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അയിരൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. വാഷിംഗ് മെഷീന്‍ ഒഴികെ മറ്റെല്ലാ സാധനങ്ങളും എടുക്കുന്നതിന് അനുവദിക്കാമെന്ന് സ്റ്റേഷനില്‍ വച്ച് രാജേന്ദ്രന്‍ സമ്മതിച്ചു. തുടര്‍ന്ന് വൈകിട്ട് 3ന് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു മകനെയും മകന്റെ രണ്ട് സുഹൃത്തുക്കളെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. അച്ഛനുമായുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സാന്ദ്ര വീടിനുള്ളില്‍ കയറിയില്ല. മകനും സുഹൃത്തുക്കളും ചേര്‍ന്ന് സാധനങ്ങള്‍ എടുക്കുന്നതിനിടെ രാജേന്ദ്രന്‍ വാതില്‍ കുറ്റിയിട്ട് സ്വന്തം ശരീരത്തിലും ബിന്ദുവിന്റെയും മകന്റെയും ദേഹത്തും ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തിയപ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. വീട്ടിലും തീ പടര്‍ന്നു.

Signature-ad

വര്‍ക്കല ഫയര്‍ഫോഴ്‌സും അയിരൂര്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പൊള്ളലേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ബിന്ദുവിന് 80 ശതമാനവും അമല്‍രാജിന് 70 ശതമാനവും പൊള്ളലേറ്റിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെ ഇവരെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വര്‍ക്കല ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അമല്‍രാജ്. അമല്‍രാജിന്റെ സുഹൃത്തുക്കളുടെ കാലുകളില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട മൂന്നുപേരുടെയും സംസ്‌കാരം ഇന്ന് കുന്നത്തുവിള വീട്ടില്‍ നടക്കും. ഫോറന്‍സിക് സംഘം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി.

മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് രാജേന്ദ്രന്റേയും ബിന്ദുവിന്റേയും കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. നാല് വര്‍ഷം മുമ്പാണ് മകളുടെ വിവാഹം കഴിഞ്ഞത്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഇവരുടേത്. രാജേന്ദ്രന്‍ പെയിന്റിംഗ് ജോലിക്ക് പോയും ബിന്ദു വീട്ടില്‍ തയ്യല്‍ ജോലികള്‍ ചെയ്തുമാണ് ജീവിതം നയിച്ചിരുന്നത്. നിസാര കാരണങ്ങളാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രാജേന്ദ്രന് സംശയരോഗം ഉണ്ടായിരുന്നതിനാലാണ് ബിന്ദു മാറി താമസിച്ചതെന്നും നാട്ടുകാര്‍ പറയുന്നു. രാജേന്ദ്രനുമായി പിണങ്ങിയ ശേഷം നടയറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയാണ് ബിന്ദു കുടുംബം പോറ്റിയിരുന്നത്. ബിന്ദു പോയശേഷം രാജേന്ദ്രന്‍ മാനസികമായി തകര്‍ന്നിരുന്നതായി ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞു.

 

Back to top button
error: