IndiaNEWS

എക്‌സിറ്റ് പോള്‍ ചതിച്ചു, ഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല; ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ എന്‍ഡിഎയ്ക്ക് തിരിച്ചടി നേരിട്ടത്തോടെ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. എക്‌സിറ്റ് പോള്‍ പ്രകാരം വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ മൂന്നാമതും ഭരണത്തില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ മേയ് മൂന്നിന് തിങ്കളാഴ്ച വിപണികളില്‍ വന്‍ മുന്നേറ്റം പ്രകടമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച എന്‍ഡിഎയുടെ ഭൂരിപക്ഷത്തില്‍ വലിയ കുതിപ്പ് പ്രകമാകാതെ വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ താഴോട്ട് പോകുകയായിരുന്നു.

ചൊവ്വാഴ്ച വ്യാപരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ നിഫ്റ്റി 50 സൂചിക 3.03 ശതമാനം ഇടിഞ്ഞ് 22,557ലും സെന്‍സെക്‌സ് 3 ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. ഏകദേശം 40 മാസത്തിനുള്ളില്‍ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച വിപണികള്‍ താഴോട്ട് പോയത്. എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രവചനം. നിലവില്‍ 73,524.63 എന്ന നിലയിലാണ് സെന്‍സെക്‌സ്. 2,944.15 പോയിന്‍്‌റ് ഇടിവ് (3.85%).

Signature-ad

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സെന്‍സെക്സിലെ 30 കമ്പനികളില്‍ ഏറ്റവും പിന്നോട്ട് പോയത്. സണ്‍ ഫാര്‍മയും നെസ്ലെയും മാത്രമാണ് നേട്ടത്തില്‍. എക്സ്ചേഞ്ച് ഡേറ്റ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) 6,850.76 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങിയിരുന്നു. ഏഷ്യന്‍ വിപണികളിലും ഇടിവ് പ്രകടമാണ്. സിയോള്‍, ടോക്കിയോ, ഷാങ്ഹായ് തുടങ്ങി വിപണികള്‍ താഴ്ന്നപ്പോള്‍ ഹോങ്കോങ് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

Back to top button
error: