കാസര്‍കോട് : കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ സ്വര്‍ണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയില്‍ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവന്‍ സ്വര്‍ണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസില്‍ ജയിലില്‍ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനില്‍കുമാര്‍ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ സ്വര്‍ണമാണിത്. ഇതോടെ കേസില്‍ ആകെ 1.6 കിലോ സ്വര്‍ണം വീണ്ടെടുക്കാനായി.
അനില്‍കുമാറും അബ്ദുള്‍ഗഫൂറും ചേര്‍ന്ന് കേരള ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ പണയപ്പെടുത്തിയ 135 പവനും അബ്ദുള്‍ ഗഫൂര്‍ പെരിയ ശാഖയില്‍ പണയപ്പെടുത്തിയ 50 പവനും നേരത്തേ വീണ്ടെടുത്തിരുന്നു. അന്ന് പക്ഷേ അനില്‍കുമാര്‍ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പം പിടിയിലായ അഹമ്മദ് ബഷീര്‍ ബന്ധുക്കളുടെ പേരില്‍ ദേശസാത്കൃത ബാങ്കിന്റെ പെരിയ, പള്ളിക്കര ശാഖകളില്‍ 50 ലക്ഷത്തിന് പണയപ്പെടുത്തിയ സ്വര്‍ണാഭരണമാണ് വീണ്ടെടുക്കാനുള്ളത്. അതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
തട്ടിപ്പ് കേസില്‍ സഹകരണ വകുപ്പ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയ സമയത്ത് മേയ് ഒന്‍പതിന് സഹകരണസംഘം ഓഫീസില്‍ അതിക്രമിച്ച് കടന്നാണ് സെക്രട്ടറി കെ.രതീശന്‍ പണയ ഉരുപ്പടികള്‍ കടത്തിയത്. ഇത് പിന്നീട് സുഹൃത്തുക്കള്‍ക്ക് പണയപ്പെടുത്താന്‍ നല്‍കുകയായിരുന്നു. മുഖ്യപ്രതി രതീശനായുള്ള അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള അന്വേഷണസംഘത്തിനുപുറമെ ബേക്കല്‍ ഡിവൈ.എസ്.പി. ജയന്‍ ഡൊമിനികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രംഗത്തുണ്ട്.