CrimeNEWS

വീണ്ടും ബോംബ് ഭീഷണി; മുംബൈ വിമാനം അഹമ്മദാബാദിലിറക്കി

ന്യൂഡല്‍ഹി: വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിമാനം പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണികള്‍ കാരണം വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു.

Signature-ad

പാരീസില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിനായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി ഉയര്‍ന്നത്. 294 യാത്രക്കാരും 12 ജീവനക്കാരും അടങ്ങുന്ന വിമാനത്തിനുള്ളില്‍ നിന്ന്, ബോംബ് സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു.

ജീവനക്കാരാണ് കുറിപ്പ് കണ്ടെത്തുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളില്‍ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. പിന്നാലെ വിവരം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അധികൃതരെ അറിയിക്കുകയയിരുന്നു. വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ഇന്‍ഡിഗോ വിമാനത്തിലും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദശം ലഭിച്ചത്. വ്യാപകമായി പരിശോധിച്ചെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞു. ഇതെല്ലാം ഒരാഴ്ചക്കുള്ളിലാണ് സംഭവിക്കുന്നത്.

 

Back to top button
error: