IndiaNEWS

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി BJP; അലങ്കാരപ്പണിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്ട്രപതി ഭവന്‍ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പൂക്കളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.

ടെന്‍ഡര്‍ ആര്‍ക്കാണെന്ന് ഇന്ന് തീരുമാനം ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നല്‍കുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താന്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയിലെ കാലാവസ്ഥ ഉള്‍പ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടത്തിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ജൂണ്‍ 9 ന് വൈകിട്ടായിരിക്കും സത്യപ്രതിജ്ഞ.

Signature-ad

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡല്‍ഹിയില്‍ രാഷ്ട്രീയചടങ്ങ് കൂടി സംഘടിപ്പിച്ച് ചരിത്രസംഭവം ആക്കി മാറ്റാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ ബി.ജെ.പി. ആരംഭിച്ചു. കര്‍ത്തവ്യപഥിലോ ഭാരത് മണ്ഡപത്തിലോ വച്ച് ആയിരിക്കും രാഷ്ട്രീയ ചടങ്ങ്.

കര്‍ത്തവ്യപഥിനും ഭാരത് മണ്ഡപത്തിനും പുറമെ ചെങ്കോട്ട, രാം ലീല മൈതാനം, യശോഭൂമി കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ സ്ഥലങ്ങളും രാഷ്ട്രീയചടങ്ങിന്റെ വേദിയായി പരിഗണിച്ചിരുന്നു. ഉഷ്ണതരംഗ സാധ്യതയും കനത്ത ചൂടും കണക്കിലെടുത്ത് ചടങ്ങ് ഭാരത് മണ്ഡപത്തിലോ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററിലോ നടത്തിയാല്‍ മതിയെന്ന അഭിപ്രായത്തിനാണ് ബിജെപിയില്‍ മുന്‍തൂക്കം. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ച് അറിയിക്കുന്ന ചടങ്ങാകും നടത്തുക. വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ 10000 ത്തോളം പേരെയാകും ചടങ്ങിലേക്ക് ക്ഷണിക്കുക.

 

Back to top button
error: