KeralaNEWS

മനോരമയും പറയുന്നു, വടകരയിലും ശൈലജ തന്നെ: എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ല

     പതിവു പോലെ മനോരമ ന്യൂസ് – വിഎംആര്‍ എക്സിറ്റ് പോളില്‍ യുഡിഎഫിനു തന്നെ  നേട്ടം. 16 മുതല്‍ 18 സീറ്റുകള്‍ വരെ യുഡിഎഫും 2 മുതല്‍ 4 വരെ സീറ്റുകള്‍ എല്‍ഡിഎഫും നേടും എന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. മാത്രമല്ല എക്സിറ്റ് പോളില്‍ എന്‍ഡിഎക്ക് കേരളത്തിൽ സീറ്റുകളൊന്നും ലഭിക്കില്ല എന്നുമാണ് പ്രവചനം. എന്‍ഡിഎ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തൃശൂരില്‍ സുരേഷ്ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്നും പറയുന്നു. എന്നാൽ ദേശീയ എക്സിറ്റ് പോളുകള്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെ എന്‍ഡിഎക്ക്  കേരളത്തിൽ ലഭിക്കുമെന്നു പ്രവചിക്കുന്നുണ്ട്.

സംസ്ഥാനത്ത് എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തുന്നത് 2 മണ്ഡലങ്ങളില്‍ മാത്രമെന്നും പറയുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും. 2ല്‍ താഴെ മാത്രം വോട്ടുശതമാനത്തില്‍ വ്യത്യാസമുള്ള പാലക്കാടും വടകരയുമാണ് എല്‍ഡിഫ് പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങള്‍. കണ്ണൂരും ആലത്തൂരും പ്രവചനാതീതം എന്നാണ് സര്‍വ്വെ പറയുന്നത്. യുഡിഎഫിന്റെ 16 അനുകൂല മണ്ഡലങ്ങളില്‍ മാവേലിക്കര മാത്രമാണ് വോട്ടുശതമാനത്തില്‍ 2ല്‍ താഴെ മാത്രം വ്യത്യാസമുള്ളത്.

Signature-ad

സിപിഎമ്മിലെ ഏറ്റവും ജനസമ്മതിയുള്ള ആളായ കെ.കെ ശൈലജയ്ക്കാണ് വടകരയിൽ മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ  വിജയം പ്രവചിക്കുന്നത്. അതേസമയം കടുത്ത മത്സരമാണ് വടകരയിൽ നടന്നതെന്നാണ് എക്സിറ്റ് പോൾ കണക്കുകൾ. 1.91 % വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിൽ.

എൽഡിഎഫ് കുത്തകമണ്ഡലമായിരുന്നു വടകര. ടി.പി.ചന്ദ്രശേഖരൻ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞതോടെയാണ്  നഷ്ടപ്പെട്ടത്. എന്തുവിലകൊടുത്തും വടകര പിടിക്കാനാണ് പൊതുസമ്മതയായ ശൈലജയെ രംഗത്തിറക്കിയത്. വടകരയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ഇത്തവണ എൽഡിഎഫിനൊപ്പം തന്നെ നിന്നു. അതുകൊണ്ട് ലോക്സഭയും പിടിക്കാമെന്ന ഉറപ്പിലായിരുന്നു സിപിഎം. ഷാഫിയുടെ വരവും ഓളവും സിപിഎമ്മിൽ അങ്കലാപ്പുണ്ടാക്കി എന്നത് ഉറപ്പാണ്. എങ്കിലും ഇത്തവണ മണ്ഡലം പഴയപോലെ ഇടത്തേക്ക് തിരിച്ചു വരും എന്നുവേണം എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് മനസ്സിലാക്കാൻ.

Back to top button
error: