തിരുവനന്തപുരം: മുതലപൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇടപെടല്‍ ആരംഭിച്ച് സര്‍ക്കാര്‍. പൊഴിയുടെ ആഴം കുറവായതാണ് നിരന്തരമായ അപകടങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. ഇതോടെ മണല്‍ നീക്കി പൊഴിയുടെ ആഴം കൂട്ടുന്ന നടപടികള്‍ക്കാണ് തുടക്കമായത്. കനത്ത മഴയെ തുടര്‍ന്ന് മണല്‍ നീക്കം നിര്‍ത്തിവച്ചിരുന്നെങ്കിലും നിലവില്‍ പണികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് സുഗമമായി വള്ളം ഇറക്കാന്‍ നിലവിലെ പൊഴിയുടെ 3 മീറ്റര്‍ ആഴം അഞ്ചു മീറ്റര്‍ വരെ ആകണമെന്നാണ് സര്‍ക്കാരും അദാനിയും തമ്മിലുള്ള ധാരണ. വിഴിഞ്ഞം പോര്‍ട്ടിലേക്ക് കല്ല് കൊണ്ടുപോകുന്നതിന് വേണ്ടി പൊളിച്ച 150 മീറ്ററോളം വരുന്ന പുലിമുട്ട് പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. നിലവില്‍ ജൂണ്‍ 11ന് വരെയാണ് പുലിമുട്ട് പഴയ രീതിയില്‍ പുനസ്ഥാപിക്കാനുള്ള കാലാവധി. അതിനുള്ളില്‍ പണി അവസാനിച്ചില്ലെങ്കില്‍ കാലാവധി നീട്ടി നല്‍കുമെന്ന് ബാര്‍ബര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.