തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അക്കാദമി ഓഫീസര്‍ക്കെതിരെ കേസ്. തൃശൂര്‍ പൊലീസ് അക്കാദമി ഓഫീസര്‍ കമാന്‍ഡന്റ് പ്രേമന്‍ കടന്നപ്പള്ളിക്കെതിരെയാണ് വീയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അക്കാദമിയിലെ തന്നെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഉദ്യോഗസ്ഥയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ പ്രേമനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഡയറക്ടര്‍ ഉത്തരവിറക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണത്തിനും ഉത്തരവുണ്ട്.
പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയിലാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ സംഭവ ദിവസം വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായെന്നും പരാതിക്കാരി പറയുന്നു.