തൃശ്ശൂര്‍: രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. ഉദ്യോഗസ്ഥ പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതി ഇതുവരെ ലോക്കല്‍ പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയതായാണ് അറിയുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തത്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി.
അക്കാദമിയിലെ സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് പരാതി. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയെടുത്തു. ഒരാഴ്ചമുമ്പാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു പോയ ഉദ്യോഗസ്ഥയെ വൈകിട്ട് ആറിന് വിളിച്ചുവരുത്തിയാണ് ആദ്യതവണ അതിക്രമം നടത്തിയത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടും ഇതുപോലുള്ള പെരുമാറ്റം ഉണ്ടായി.
ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം പരാതികള്‍ ലോക്കല്‍ പോലീസിന് കൈമാറുകയാണ് ചെയ്യുന്നത്. ഗൗരവം കുറഞ്ഞ പരാതികള്‍ ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് ലോക്കല്‍ പോലീസിനു കൈമാറുക. ഗുരുതരമായ പരാതികളാണെങ്കില്‍ ഇന്റേണല്‍ കമ്മിറ്റി അന്വേഷണത്തോടൊപ്പംതന്നെ പോലീസ് അന്വേഷണവും നടക്കാറുണ്ട്.