CrimeNEWS

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍; അടിച്ചുമാറ്റിയത് 28 ലക്ഷം

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ് സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി. 28 ലക്ഷത്തോളം രൂപയാണ് ഇയാള്‍ പലതവണയായി വ്യാജരേഖ ചമച്ച് സ്വന്തം കീശയിലാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

ഉച്ചഭക്ഷണ പദ്ധതിയുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ നിന്നും 2022 മാര്‍ച്ച് മുതല്‍ 2023 ഡിസംബര്‍ വരെ 27,76,241 രൂപ ഇയാള്‍ വ്യാജരേഖ ചമച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കാനറാ ബാങ്കിന്റെ സി.എസ്.എസ്. പോര്‍ട്ടലില്‍ വ്യാജ രേഖപ്പെടുത്തലുകള്‍ നടത്തി പ്രിന്റ് പേയ്‌മെന്റ് അഡൈ്വസ് ക്രിയേറ്റ് ചെയ്താണിത്.

Signature-ad

ഇതിനുപുറമെ 2024 ഫെബ്രുവരി 23-ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ വ്യാജ ഒപ്പിട്ട് എസ്.ബി.ഐ. ജഗതി ശാഖയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടില്‍ നിന്ന് 42,300 രൂപയും ഇയാള്‍ കവര്‍ന്നു. പണം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406, 409, 465, 468, 471, 420 ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66 (സി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

 

Back to top button
error: