ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പഥില്‍ ആശുപത്രി കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അമരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിച്ച് ഏഴു നവജാത ശിശുക്കള്‍ മരിച്ചിരുന്നു.