KeralaNEWS

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ഒരു വിദ്യാര്‍ഥിക്ക് പോലും പരാതിയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാര്‍ഥിപോലും ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കമമെന്ന് കാണിച്ച് ഹൈക്കോടതിയിലെത്തിയ കേസിലാണ് സര്‍ക്കാര്‍ വിചിത്രവാദമുന്നയിച്ചത്. പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാനായി മലബാര്‍ ജില്ലകളിലുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാണ് സര്‍ക്കാറിന്റെ നിലപാട്.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഗണിച്ച് പുതിയ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറത്തെ എ.ആര്‍ നഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ നല്കിയ ഹരജിയിലാണ് വിചിത്രമായ എതിര്‍വാദം സര്‍ക്കാര്‍ ഉയര്‍ത്തിയത്. പ്ലസ് വണ്‍ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നത് സ്‌കൂള്‍ മാനേജര്‍മാര്‍ മാത്രമാണ്. ഒരു വിദ്യാര്‍ഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയര്‍ത്തിയിട്ടില്ല. സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ച ഈ നിലപാട് ഹൈക്കോടതി ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

Signature-ad

പ്ലസ് വണ്‍ സീറ്റുതേടി സ്‌കൂളുകള്‍ കയറിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍ക്കാരിന് പരാതി നല്കാന്‍ സമയമുണ്ടാകില്ലെന്ന് പറഞ്ഞ് ഈ വാദം ഹൈക്കോടതി തള്ളി. പ്ലസ് വണ്‍ ബാച്ചുകളുടെ ആവശ്യകതയുണ്ടോയെന്ന് പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ സംസ്ഥാന, ജില്ലാ തല സമിതികളോട് ആവശ്യപ്പെടാനും ജസ്റ്റിസ് ടി.ആര്‍ രവി ഉത്തരവിട്ടു.

മലബാര്‍ ജില്ലകളിലാകെ 40000 ത്തിലധികം സീറ്റുകളുടെ കുറവുണ്ടെന്നത് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കാണ്. വിദ്യാര്‍ഥി സംഘടനകളടക്കം മലബാറി സംഘടനകള്‍ പ്ലസ് സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്താണ്. എന്നിട്ടും പരാതിയൊന്നും വന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ തന്നെ വലിയ പ്രതിഷേധമാണ് കേരളത്തിലുയര്‍ന്നത്. സീറ്റില്ലെന്ന പരാതിയേ ആര്‍ക്കുമില്ലെന്ന സര്‍ക്കാര്‍ വാദം കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുമെന്നുറപ്പ്.

 

Back to top button
error: