ഇടുക്കി: തന്റെ ബാങ്ക് അക്കൗണ്ടില്‍ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നര മാസം മുന്‍പാണ് ദുബായിലെ ബാങ്ക് അക്കൗണ്ടില്‍ 100 കോടി യുഎഇ ദിര്‍ഹം എത്തിയത്. ബാങ്കുകാര്‍ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതിരുന്നത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
തൊടുപുഴ വെങ്ങല്ലൂര്‍ പുളിക്കലല്‍ സാജു ഹമീദ് ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. ഒന്നര മാസം മുന്‍ ദുബായില്‍ ഉള്ളപ്പെഴാണ് അക്കൗണ്ടില്‍ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിനു പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ചു ദിവസങ്ങള്‍ക്കകം പണം തിരികെയെടുക്കുമെന്നാണ് കരുതിയത്.
ദുബായില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സുഹൃത്തും സാജുവിനോട് ഇതാണ് പറഞ്ഞത്. ഇതുപ്രകാരം പണം പിന്‍വലിക്കാതെ കാത്തിരിക്കുകയാണ് സാജു. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. അടുത്ത മാസം തിരികെ ഗള്‍ഫില്‍ എത്തിയ ശേഷം ബാങ്കില്‍ നേരിട്ടെത്തി വിവരം പറയാനാണ് സാജുവിന്റെ തീരുമാനം.