Food

പുറത്തുനിന്നുള്ള ഭക്ഷണമായാലും വീട്ടിലുണ്ടാക്കുന്നതായാലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ആരോഗ്യം അപകടത്തിലാകും എന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാല്‍ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

ഭക്ഷണത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോള്‍ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു.
ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് 5 ഗ്രാം മാത്രം.
പഞ്ചസാരയുടേത് 25 ഗ്രാം. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ല എന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാര്‍, പപ്പടം എന്നിവയിലെല്ലാം ഉപ്പും പഞ്ചസാരയും അധികം ചേര്‍ക്കുമെന്നും ഐസിഎംആര്‍ മുന്നിറിയിപ്പ് നല്‍കുന്നു.

Back to top button
error: