CrimeNEWS

ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിൽ വാദം പൂർത്തിയായി, വിധി 29 ന്

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിലെ വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ പൂര്‍ത്തിയായി. 29-നു വിധി പറയും.പ്രതിയെ കുറ്റമുക്‌തനാക്കണമെന്ന ഹര്‍ജിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്‌ ജി. പടിക്കല്‍ ശക്‌തമായെതിര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതി നിഷ്‌ഠൂരമായ ആക്രമണം നടത്തിയതെന്നും അതിനാല്‍ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിക്കു മാനസികരോഗമുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ വാദം. എന്നാല്‍, പ്രതി ആശുപത്രിയില്‍ മനഃപൂര്‍വം ബഹളമുണ്ടാക്കുന്നതിനിടെ കത്രിക കൈക്കലാക്കി ഒളിപ്പിച്ചുവച്ചതും ഡോ. വന്ദനയുടെ ദേഹത്തു പലതവണ മുറിവേല്‍പ്പിച്ചതും ക്രൂരമായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതാണെന്നു പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. 26 തവണ നെഞ്ചത്തും മുഖത്തും ഉള്‍പ്പെടെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണവേളയില്‍ മാധ്യമങ്ങള്‍ക്കു പോലീസ്‌ വിവരങ്ങള്‍ നല്‍കിയെന്നു പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ സത്യസന്ധമായ അനേ്വഷണവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു മാധ്യമധര്‍മമാണെന്നും അതു വിലക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Signature-ad

പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ്‌ ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്‌, ശില്‍പ ശിവന്‍, ഹരീഷ്‌ കാട്ടൂര്‍ എന്നിവരും ഹാജരായി

Back to top button
error: