KeralaNEWS

”ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും, ആളുകളെ എണ്ണിവച്ചിട്ടുണ്ട്”

കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. ഒരു സംശയവും വേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം.

”നല്ല ലൈസന്‍സ് സംവിധാനം കേരളത്തില്‍ വേണം. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാല്‍ മതിയെന്നായിരുന്നു നിലപാട്. എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്‌കൂള്‍ ഉടമകള്‍ മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി. ഒരേസമയം കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് പാസാക്കുന്നവരെ സ്‌ക്വാഡ് പരിശോധിക്കും” ഗണേഷ് കുമാര്‍ പറഞ്ഞു.

Signature-ad

പത്തുലക്ഷം ലൈസന്‍സ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുലക്ഷത്തി ഇരുപത്തിയാറായിരം ലൈസന്‍സ് മാത്രമാണ് ഇനി നല്‍കാനുള്ളത്. റേഷന്‍ കാര്‍ഡ് പോലെ ലൈസന്‍സ് വാരിക്കൊടുക്കാന്‍ കഴിയില്ല. ഒറ്റ ദിവസം 126 ലൈസന്‍സും ഫിറ്റ്നെസും ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ മോട്ടര്‍ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിന് നാണക്കേടാണ്. ഡ്രൈവിങ് പരിശീലനം കൂടാതെ കൈതെളിയാന്‍ സ്‌കൂളുകാര്‍ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. കൈതെളിയാതെ വരുന്നവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളില്‍ ക്യാമറ പോലെ തന്റെ കണ്ണുകള്‍ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി താക്കീത് നല്‍കി.

Back to top button
error: