KeralaNEWS

‘പുഴു’വിനെച്ചൊല്ലി മമ്മൂട്ടിക്കെതിരായ വിദ്വേഷ പ്രചാരണം; നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയും

കൊച്ചി: പുഴു സിനിമയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും ഇരയായ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും എഎം ആരിഫ് എം.പിയും. സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതില്‍ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നില്‍ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ചാണ് സൈബര്‍ ആക്രമണവും സോഷ്യല്‍മീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവര്‍ രംഗത്തെത്തിയത്.

Signature-ad

‘ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം’ എന്നാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മന്ത്രി പിന്തുണയറിയിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ‘ഇത് ഇവിടെ കിടക്കട്ടെ’ എന്നാണ് എ.എം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും ഇദ്ദേഹം ഇരിക്കുന്ന തട്ട് താണുതന്നെ ഇരിക്കുമെന്നും മന്ത്രി കെ. രാജന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്യെയെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ വ്യാപക അധിക്ഷേപവും മമ്മൂട്ടിക്കെതിരെ നടക്കുന്നുണ്ട്. നിരവധി പ്രൊഫൈലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണവുമായി രം?ഗത്തെത്തിയിട്ടുണ്ട്. 2022ലാണ് പുഴു റിലീസായത്.

 

Back to top button
error: